ആശാ പ്രവർത്തകർക്കായി അഖിലേന്ത്യാ ഫെഡറേഷന്‍ ; പി പി പ്രേമ പ്രസിഡന്റ്, മധുമിത ബാനർജി ജനറൽ സെക്രട്ടറി
ന്യൂഡൽഹി
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്കായി രാജ്യത്ത് ഇതാദ്യമായി അഖിലേന്ത്യ ഫെഡറേഷന് നിലവിൽ വന്നു. ഹരിയാനയിലെ കുരുക്ഷേത്രയിൽ രഞ്ജന നിരുള നഗറിൽ ചേർന്ന ആശാ പ്രവർത്തകരുടെ മൂന്നുദിവസത്തെ സമ്മേളനം ആശാ വർക്കേഴ്സ് ആൻഡ് ഫെസിലിറ്റേറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് (എഡബ്ള്യുഎഫ്എഫ്ഐ) രൂപം നൽകി. കോഴിക്കോട്ടുനിന്നുള്ള പി പി പ്രേമയെ പ്രസിഡന്റായും ബംഗാളിൽനിന്നുള്ള മധുമിത ബാനർജിയെ ജനറൽ സെക്രട്ടറിയായും മഹാരാഷ്ട്രയിൽനിന്നുള്ള പുഷ്പ പാട്ടീലിനെ ട്രഷററായും തെരഞ്ഞെടുത്തു. 45 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: വൈസ്പ്രസിഡന്റുമാർ–- കെ ധനലക്ഷ്മി (ആന്ധ്ര), സുനിത (ഹരിയാന). സെക്രട്ടറിമാർ–- എച്ച് എൻ യാദവ് (ഒഡിഷ), കെ പൊസമ്മ (ആന്ധ്ര), സുരേഖ (ഹരിയാന), വീണ ഗുപ്ത (സെന്റർ), എം ബി പ്രഭാവതി (കേരളം), നോനി ലിക്സൻ ഫൂക്കൻ (അസം).
ആശാ പ്രവർത്തകരെ സ്ഥിരപ്പെടുത്തുക, ദേശീയ ആരോഗ്യ മിഷൻ കേന്ദ്രത്തിന്റെ സ്ഥിരം പദ്ധതിയാക്കുക, 26,000 രൂപ മിനിമം വേതനം, കുറഞ്ഞത് പതിനായിരം രൂപ പെൻഷൻ അടക്കം എല്ലാ സാമൂഹികസുരക്ഷാ പദ്ധതികളുടെയും ആനുകൂല്യം തുടങ്ങി 18 ആവശ്യം മുൻനിർത്തി ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
17 സംസ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള 286 പ്രതിനിധികളും നിരീക്ഷകരും പങ്കെടുത്ത മൂന്ന് ദിവസത്തെ സമ്മേളനം സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത ഉദ്ഘാടനം ചെയ്തു. സിഐടിയു സെക്രട്ടറി എ ആർ സിന്ധു, സുരേഖ, മധുമിത എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഒക്ടോബർ 19ന് ഡൽഹിയിൽ കൺവൻഷൻ നടത്തും. ആശാ പ്രവർത്തകരോടുള്ള അവഗണനയ്ക്കെതിരായി ഡിസംബർ 10ന് അഖിലേന്ത്യാ പ്രതിഷേധം സംഘടിപ്പിക്കും. ഡിസംബർ–- ജനുവരിയിൽ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും കേന്ദ്ര സർക്കാരിനെതിരായി പ്രതിഷേധമുണ്ടാകും.
Credits National || Deshabhimani Online News https://ift.tt/cds6MOX
Comments