നവമാധ്യമരംഗത്ത് സാന്നിധ്യം ഉറപ്പിക്കും : സിപിഐ 24–-ാം പാർടി കോൺഗ്രസ്
വിജയവാഡ
നവമാധ്യമരംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ സിപിഐ 24–-ാം പാർടി കോൺഗ്രസ് തീരുമാനിച്ചു. നിലവിൽ ഈ രംഗത്തെ സിപിഐയുടെ സാന്നിധ്യം ശുഷ്കമാണെന്ന് യോഗം സ്വയംവിമർശം നടത്തി. ഇതുപരിഹരിക്കാൻ സംസ്ഥാനതലത്തിൽ കരുത്തുള്ള സംവിധാനങ്ങൾ സജ്ജമാക്കണം. ജനകീയ, ദേശീയ വിഷയങ്ങളിൽ ചടുലമായി ഇടപെടാനും പുത്തൻ തലമുറയെ ആകർഷിക്കാനും ഡിജിറ്റൽ സാന്നിധ്യം ശക്തിപ്പെടുത്തണമെന്നും വിലയിരുത്തി. യുവജന, വനിത പ്രാതിനിധ്യം വർധിപ്പിക്കുന്നതിലും ദേശീയ കൗൺസിലിന്റെ പ്രായപരിധി കുറയ്ക്കുന്നതിലും പ്രതിനിധികൾ മികച്ച നിർദേശങ്ങൾ അറിയിച്ചെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം അമർജിത് കൗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമരാവതിയെ ആന്ധ്രപ്രദേശ് തലസ്ഥാനമാക്കാനുള്ള പ്രവർത്തനം പുനരാരംഭിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങൾ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ പാർടി കോൺഗ്രസ് അംഗീകരിച്ചു. പൊതുചർച്ച തിങ്കളാഴ്ചയും തുടരും. ഞായർ രാവിലെ പ്രത്യേക സെഷനിൽ വിദേശപ്രതിനിധികൾ കോൺഗ്രസിനെ അഭിവാദ്യം ചെയ്തു.

വികല സാമ്പത്തികനയം പിൻവലിക്കണം
ജനവിരുദ്ധ–- കോർപറേറ്റ് പ്രീണന സാമ്പത്തികനയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് പാർടി കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തെറ്റായ സാമ്പത്തികനയംമൂലം വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവ ഇരട്ടിയായി. നവഉദാരവൽക്കരണം ജിഡിപി വളർച്ച താഴോട്ടാക്കി. ആഗോള പട്ടിണിസൂചികയിൽ രാജ്യം 107–-ാം സ്ഥാനത്തേക്ക് പതിച്ചു. കോർപറേറ്റ് നികുതി മുപ്പതിൽനിന്ന് 22 ശതമാനമാക്കി കുറച്ചു. ബിജെപി സർക്കാരിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും സി എച്ച് വെങ്കിടാചലം അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
ബിജെപിയുടെ വർഗീയത ബംഗ്ലാദേശിലും
പ്രശ്നമുണ്ടാക്കുന്നു
ഇന്ത്യയിൽ അധികാര സ്ഥാനത്തിരിക്കുന്ന ബിജെപി നേതാക്കളടക്കം നടത്തുന്ന വർഗീയ വിദ്വേഷ പരാമർശങ്ങൾ അയൽ രാജ്യത്തും പ്രശ്നം സൃഷ്ടിക്കുന്നെന്ന് വിദേശ പ്രതിനിധികൾ. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവരുടെ പരാമർശങ്ങൾ ബംഗ്ലാദേശിൽ കുഴപ്പവും അസ്വസ്ഥതയും ഉണ്ടാക്കി. ഇത്തരം പരാമർശങ്ങൾ ജനങ്ങളുടെ സുരക്ഷയ്ക്കും സാഹോദര്യത്തിനും വെല്ലുവിളി ഉയർത്തുകയാണെന്നും ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർടിയെ പ്രതിനിധികീരിച്ച് മൊഹമ്മദ് ഷാ ആലവും ബംഗ്ലാദേശ് വർക്കേഴ്സ് പാർടിയെ പ്രതിനിധീകരിച്ച് ഇമാനുൾ ഹഖ് അലി അഹമ്മദും ചൂണ്ടിക്കാട്ടി. പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഇവർ. അമേരിക്ക, വിയറ്റ്നാം, കൊറിയ, ശ്രീലങ്ക, ഗ്രീസ്, നേപ്പാൾ, ക്യൂബ, പലസ്തീൻ, തുർക്കിയ, പോർച്ചുഗൽ തുടങ്ങി 17 രാജ്യത്തെ കമ്യൂണിസ്റ്റ്–-വർക്കേഴ്സ് പാർടി പ്രതിനിധികളും പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്തു.
Credits National || Deshabhimani Online News https://ift.tt/3bILEm6
Comments