ഓപ്പറേഷൻ ഫോക്കസ് 3 ; 134 ടൂറിസ്റ്റ് ബസിന് പിടിവീണു ; കർശന നടപടിയുമായി ഗതാഗതവകുപ്പ്
തിരുവനന്തപുരം
ഒമ്പത് പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടിയുമായി ഗതാഗതവകുപ്പ്. ഫോക്കസ് ത്രീ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചു. വെള്ളിയാഴ്ച 134 ബസിനെതിരെ കേസെടുത്തു. 2.16 ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്ലോറുകൾ, - ജിപിഎസ് വേർപെടുത്തൽ, ഗ്രാഫിക്സ്, എയർഹോൺ എന്നിവയുള്ള ബസുകൾക്കെതിരെയാണ് കേസെടുത്തത്.
രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കും. സ്പീഡ് ഗവർണർ കർക്കശമാക്കും. ജിപിഎസ് ഉറപ്പാക്കും. ഇവയില്ലാത്തവയ്ക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുവദിക്കില്ല. നിലവാരമില്ലാത്ത ജിപിഎസ് നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. സ്പീഡ് ഗവർണർ മാറ്റാൻ ഡീലർമാരുടെ സഹായം ലഭിക്കുന്നതായി സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ഡീലർ ഷോപ്പുകളിലും പരിശോധന നടത്തും. കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി 110 കിലോമീറ്ററെന്നത് പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവർക്ക് നരഹത്യാ കുറ്റം; ഉടമ അറസ്റ്റിൽ
വടക്കഞ്ചേരി ബസപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്. ഡ്രൈവർ എറണാകുളം പെരുമ്പടവം അന്തിയാൽ സ്വദേശി ജോജോ പത്രോസിന്റെ(ജോമോൻ –-48)അറസ്റ്റ് വെള്ളിയാഴ്ച പ്രത്യേക അന്വേഷകസംഘം രേഖപ്പെടുത്തി. തുടർന്ന് റിമാൻഡ് ചെയ്തു. നരഹത്യ, ഗുരുതരവും സാരവുമായ പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. ബസുടമ കോട്ടയം പാമ്പാടി തെക്കേമറ്റം എസ് അരുണി(30)നെയും പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ച കെഎസ്ആർടിസി
യാത്രികരുടെ
കുടുംബത്തിന് 10 ലക്ഷം
അപകടത്തിൽ മരിച്ച മൂന്ന് കെഎസ്ആർടിസി ബസ് യാത്രക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം ഇൻഷുറൻസ് തുക നൽകും. തൃശൂരിലെ രോഹിത് രാജ്, കൊല്ലം സ്വദേശികളായ അനൂപ്, ദീപുഭാനു എന്നിവരുടെ കുടുംബത്തിനാണ് ധനസഹായം.
സുരക്ഷയ്ക്ക്
‘ഓപ്പറേഷൻ ഫോക്കസ്– 3’
വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർഥികളുമായി പോകുന്നവയിലെ അനധികൃത രൂപമാറ്റം, അമിത ശബ്ദ, വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്ളോറുകൾ, അമിത വേഗം എന്നിവ തടയാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവാണ് ‘ഓപ്പറേഷൻ ഫോക്കസ്–--3'. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലേതുൾപ്പെടെയുള്ള ഫീൽഡ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണിത് നടത്തുക. 16 വരെയാണ് ഡ്രൈവ്.
3888 ക്രമക്കേട്
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ ‘ഓപ്പറേഷൻ ഫോക്കസ്- രണ്ടിൽ’ കണ്ടെത്തിയത് 3888 ക്രമക്കേട്. 26,61,050 രൂപ പിഴ ചുമത്തി.
ഡ്രൈവറെ ‘പഠിപ്പിക്കും’
വിനോദ സഞ്ചാരത്തിന് പോകുന്ന വാഹനങ്ങളുടെ വിശദാംശമുൾപ്പെടെയുള്ള വിവരം വിദ്യാഭ്യാസസ്ഥാപന മേധാവികൾ ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസറെയോ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാരെയോ അറിയിക്കണം. റിപ്പോർട്ട് ലഭിക്കുമ്പോൾ മോട്ടോർ വാഹനവകുപ്പ് ഇൻസ്പെക്ടർമാർ പരിശോധന നടത്തും. സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള ബോധവൽക്കരണം ഡ്രൈവർക്കും ടീം ലീഡർക്കും നൽകും.
നാട്ടുകാർക്കും
അറിയിക്കാം
നിയമവിരുദ്ധ രൂപമാറ്റം, അമിതവേഗം തുടങ്ങിയവ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് അറിയിക്കാം.
തിരുവനന്തപുരം: 9188961001
കൊല്ലം: 9188961002
പത്തനംതിട്ട: 9188961003
ആലപ്പുഴ: 9188961004
കോട്ടയം: 9188961005
ഇടുക്കി: 9188961005
എറണാകുളം: 9188961007
തൃശൂർ: 9188961008
പാലക്കാട്: 9188961009
മലപ്പുറം: 9188961010
കോഴിക്കോട്: 9188961011
വയനാട്: 9188961012
കണ്ണൂർ: 9188961013
കാസർകോട്: 9188961014
Credits Kerala || Deshabhimani Online News https://ift.tt/BcVa1z3
Comments