ഡല്‍ഹി അന്തരീക്ഷ മലിനീകരണം ; നിർമാണനിരോധനം ഉറപ്പാക്കാൻ 586 സംഘം
ന്യൂഡൽഹി
അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ദേശീയ തലസ്ഥാന പ്രദേശങ്ങളിൽ (എൻസിആർ) ഏർപ്പെടുത്തിയ നിർമാണ–-പൊളിക്കൽ നിരോധനം ഉറപ്പാക്കാൻ രംഗത്തിറക്കിയത് 586 സംഘത്തെ. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ആനന്ദ് വിഹാർ, വിവേക് വിഹാർ പ്രദേശങ്ങളിൽ മലിനീകരണം വൻതോതിൽ ഉയർന്നിരുന്നു.
ശനിയാഴ്ചയാണ് നിർമാണ–-പൊളിക്കൽ പ്രവൃത്തികൾ നിരോധിച്ചത്. ഇതോടെ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ് മേഖലകളിലെ വൻകിട നിർമാണങ്ങളും നിലച്ചു. ദേശീയ സുരക്ഷ, പ്രതിരോധം, റെയിൽവേ, മെട്രോ റെയിൽ തുടങ്ങിയവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര വായുനിലവാര മാനേജ്മെന്റ് കമീഷന്റെ അടിയന്തര നിർദേശം പരിഗണിച്ചായിരുന്നു നടപടി. മലിനീകരണ ഹോട്ട്സ്പോട്ടുകളിൽ വെള്ളം തളിക്കാൻ സർക്കാർ ഫയർ ടെൻഡുകളും വിന്യസിക്കുമെന്ന് റായി പറഞ്ഞു.
ഞായർ രാവിലെയും 400നു മുകളിലായിരുന്നു ഡൽഹിയിലെ വായുനിലവാര സൂചിക (എക്യുഐ). പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ വൈക്കോലും മറ്റും കത്തിക്കുന്നതും ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാക്കുന്നുണ്ട്. നവംബർ ഒന്നുമുതൽ കാറ്റിന്റെ വേഗതയിൽ കാര്യമായ വർധനയുണ്ടാകാൻ സാധ്യതയില്ലാത്തതും വായുവിനെ കൂടുതൽ വിഷമയമാക്കുമെന്നും മുന്നറിയിപ്പുണ്ട്.
Credits National || Deshabhimani Online News https://ift.tt/v678gOV
Comments