പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ ; 5 സർവകലാശാലകൾക്ക് നിർദേശം ; കരുനീക്കങ്ങൾക്ക് പിറകിൽ ഗവർണറുടെ ഓഫീസിൽ അടുത്തിടെ നിയമിതനായ ബിജെപിക്കാരൻ
തിരുവനന്തപുരം
കേരള സെനറ്റിലെ നോമിനേറ്റഡ് അംഗങ്ങളെ പിൻവലിച്ചതിനു പിന്നാലെ അഞ്ച് സർവകലാശാലകളോട് 10 വർഷം സർവീസ് പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടു. കണ്ണൂർ, കേരള, കുസാറ്റ്, എംജി, കലിക്കറ്റ് സർവകലാശാലകളോടാണ് ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. വൈസ് ചാൻസലറായി പരിഗണിക്കാൻ 10 വർഷം പ്രൊഫസറായിരിക്കണം എന്നാണ് ഒരു വ്യവസ്ഥ. ഇതുപ്രകാരം പ്രൊഫസർമാരെ വരുതിയിലാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഗവർണറുടെ അസാധാരണ നടപടി. നിലവിലുള്ള ഏതാനും വി സിമാരെ പുറത്താക്കി നേരിട്ട് ചുമതല ഏൽപ്പിക്കാനാണ് ശ്രമം. ഗവർണറുടെ ഓഫീസിൽ അടുത്തിടെ നിയമിതനായ ബിജെപിക്കാരനാണ് കരുനീക്കങ്ങൾക്ക് പിറകിൽ.
വിസിയുടെ കാലാവധി കഴിഞ്ഞാൽ പകരം ചുമതല സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുകയാണ് നടപടി ക്രമം. സർവകലാശാലകൾക്കുള്ള മുഴുവൻ തുകയും ചെലവഴിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം അംഗീകരിക്കുകയാണ് കീഴ്വഴക്കം. ഇതുപ്രകാരം കാർഷിക സർവകലാശാലയിൽ സർക്കാർ നിർദേശിച്ചയാളെ ഗവർണർക്ക് ചുമതല ഏൽപ്പിക്കേണ്ടിവന്നിരുന്നു. ഇത് മറികടന്ന് മറ്റ് സർവകലാശാലകളിൽ നേരിട്ട് നിയമനത്തിനാണ് ഗവർണറുടെ പുതിയ നീക്കം.
ജസ്റ്റിസ് പി സദാശിവം ഗവർണറായിരിക്കെ കേരള വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് ‘ എന്റെ പ്രതിനിധിയെ നിശ്ചയിച്ചു തരൂ’ എന്നാവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതിയിരുന്നു. അൽപ്പം വൈകിയപ്പോൾ വീണ്ടും ഓർമപ്പെടുത്തുകയും ചെയ്തിരുന്നു.
സെനറ്റ് അംഗങ്ങളെ പിൻവലിച്ച
നടപടി നിയമവിരുദ്ധം
സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണത്താൽ നോമിനേറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമ ലംഘനം. സർവകലാശാല നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ പൊതുനിയമങ്ങൾപോലും ലംഘിച്ചാണ് ഗവർണറുടെ ഏകാധിപത്യ നടപടി. ഒരു യോഗത്തിൽ പങ്കെടുത്തില്ല എന്നത് പുറത്താക്കലിനുള്ള ന്യായമല്ല. കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വിസിയോട് ആവശ്യപ്പെടാൻ നിയമമുണ്ട്.
അത് പാലിച്ചിട്ടില്ല. 15 പേരെ പിൻവലിച്ചപ്പോൾ നോമിനേറ്റ് ചെയ്ത രണ്ട് അംഗങ്ങൾ പങ്കെടുത്തതിനാൽ പുറത്താക്കിയിട്ടില്ല. സെർച്ച് കമ്മിറ്റിയെ നിശ്ചയിക്കാൻ 11ന് ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ലെന്നതാണ് പുറത്താക്കൽ കാരണം. ഇതേ അജണ്ടയുമായി ആഗസ്ത് 20ന് ചേർന്ന യോഗത്തിൽ സെനറ്റ് അംഗം വിജയകുമാർ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിനെതിരെ നോട്ടീസ് പോലും ഗവർണർ ആവശ്യപ്പെട്ടിട്ടുമില്ല. രണ്ട് സിൻഡിക്കറ്റ് അംഗങ്ങൾകൂടിയായ സെനറ്റ് അംഗങ്ങളെ പിൻവലിച്ച അസാധാരണ നടപടിക്കെതിരെയുള്ള പോരാട്ടത്തിന് സർവകലാശാല നിയമോപദേശം തേടിയേക്കും.
അക്കാദമിക്
കൗണ്സില് യോഗം
22ലേക്ക് മാറ്റി
തിങ്കൾ രാവിലെ 10ന് ചേരാനിരുന്ന കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം സാങ്കേതിക കാരണങ്ങളാൽ 22ന് രാവിലെ ഒമ്പതിലേക്ക് മാറ്റിയതായി സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/WoAlwt6
Comments