കുന്നപ്പിള്ളി ആറാംദിവസവും ഒളിവിൽ ; സംരക്ഷിച്ച് കോൺഗ്രസ്


തിരുവനന്തപുരം
അധ്യാപികയെ ബലാത്സംഗംചെയ്ത കേസിലെ പ്രതി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം. ആറുദിവസമായി ഒളിവിലുള്ള കുന്നപ്പിള്ളിക്ക് മുതിർന്ന നേതാക്കളിൽ ചിലരാണ് ഒളിയിടം ഒരുക്കുന്നതെന്ന സംശയവും ബലപ്പെട്ടു. ഇദ്ദേഹം എറണാകുളം ജില്ല വിട്ടുപോയിട്ടില്ലെന്നാണ് നിഗമനം.

കുന്നപ്പിള്ളിയെ ബന്ധപ്പെടാനാകുന്നില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും വാദങ്ങൾ മറ്റ് കോൺഗ്രസ് നേതാക്കൾതന്നെ പൊളിച്ചു. സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും എംഎൽഎ കൃത്യമായി നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നുണ്ടെന്ന് പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനും കോൺഗ്രസ് നേതാവുമായ ടി കെ സക്കീർഹുസൈനും മാധ്യമങ്ങളോട് പറഞ്ഞു.

ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായതിനാൽ കുന്നപ്പിള്ളി ഒളിവിൽ പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇരുപതിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കുന്നപ്പിള്ളിക്ക് നോട്ടീസ് നൽകിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചതും തിരക്കഥയുടെ ഭാഗമാണ്. പരാതിക്കാരിക്ക് നീതി ലഭിക്കണമെന്ന് ഇതുവരെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം. ജാമ്യാപേക്ഷയിൽ വിധിവരുന്നതുവരെ സംരക്ഷിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. അതാണ് വീണ്ടും സമയം നീട്ടി നൽകിയത്.

പരാതിക്കാരിയെയും സാക്ഷിയെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും വാഗ്ദാനം ചെയ്തതിൽ കൂടുതൽ പണം കൊടുത്ത് ഒത്തുതീർപ്പാക്കാനും എംഎൽഎയ്ക്ക് അവസരമുണ്ടാക്കുകയാണ് നേതൃത്വം. സാക്ഷിക്ക് അയച്ച ഭീഷണി സന്ദേശവും അധ്യാപികയെ മോശക്കാരിയാക്കുന്ന ഫെയ്സ്ബുക് കുറിപ്പും നേതൃപിന്തുണയോടെയാണ്. പരാതിക്കാരിക്കെതിരെ കുന്നപ്പിള്ളിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതും ഇത് വ്യക്തമാക്കുന്നു.

പൊലീസ് നടപടിക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് എ എൻ ഷംസീർ പറഞ്ഞു. പൊലീസ് ബലാത്സംഗക്കുറ്റംകൂടി ചുമത്തിയതോടെ അധ്യാപികയുടെ രഹസ്യമൊഴി വഞ്ചിയൂർ കോടതി രേഖപ്പെടുത്തി. പണംനൽകി പരാതി പിൻവലിക്കാൻ ശ്രമിച്ചതിന് എംഎൽഎക്കെതിരെ വിജിലൻസും കേസെടുത്തിട്ടുണ്ട്. അതിനിടെ കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും.

പരാതിക്കാരിക്ക് നീതി ഉറപ്പാക്കണം : സിപിഐ എം
കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിക്ക് നീതി ഉറപ്പുവരുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അത്യന്തം ഗൗരവമുള്ള പ്രശ്നമാണിത്. എംഎൽഎയെ ആ സ്ഥാനത്ത് ഇരുത്തണോയെന്ന കാര്യം കോൺഗ്രസിന്റെ ധാർമികതയുമായി ബന്ധപ്പെട്ടതാണ്. ഇത്തരത്തിലുള്ള വ്യക്തികൾ അധികാരസ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

യുവതിയുടെ രഹസ്യമൊഴിയെടുത്തു
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി (11) മജിസ്ട്രേട്ട് ലെനി തോമസ് മുമ്പാകെയാണ് ഐപിസി 164 പ്രകാരം മൊഴി നൽകിയത്. എംഎൽഎയുടെ ഭീഷണിയെത്തുടർന്ന് നാടുവിട്ട യുവതിയുടെ മൊഴി നേരത്തേ കോടതി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ജില്ലാ ക്രൈംബ്രാഞ്ചിനും എൽദോസ് ബലാത്സംഗം ചെയ്തതായി യുവതി മൊഴിനൽകി. തുടർന്ന്, കേസിൽ ബലാത്സംഗക്കുറ്റംകൂടി ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴിയെടുത്തത്. കേസ് ആദ്യം അന്വേഷിച്ച കോവളം ഇൻസ്പെക്ടർ കൈക്കൂലി ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് യുവതി ക്രൈംബ്രാഞ്ചിന് പരാതി നൽകിയിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/M5GbXUI

Comments

Archive

Contact Form

Send