ആഗ്രഹം സഫലമാകാതെ രാമചന്ദ്രന്റെ മടക്കം
തൃശൂർ
സ്വപ്രയത്നത്താൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അറ്റ്ലസ് രാമചന്ദ്രൻ വിടവാങ്ങുന്നത് ജന്മനാട്ടിൽ തിരിച്ചെത്തണമെന്ന ആഗ്രഹം സഫലമാകാതെ. ഞായാഴ്ച രാത്രിയാണ് തൃശൂരിന്റെ സ്വന്തം അറ്റ്ലസ് രാമചന്ദ്രൻ (81) ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ അന്തരിച്ചത്. ദുബായ് ജബൽ അലി ശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സംസ്കാരം.
‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന അദ്ദേഹത്തിന്റെ പരസ്യവാചകം ലോകമലയാളികളുടെ മനസ്സിൽ ഇടംപിടിച്ചതാണ്. തൃശൂർ കോട്ടപ്പുറം രാഗമാലികപുരം സ്വദേശിയാണ് രാമചന്ദ്രൻ. പ്രമുഖ കവിയും അക്ഷരശ്ലോക പണ്ഡിതനുമായിരുന്ന പരേതനായ വി കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മിണിയമ്മയുടെയും മകനായി 1941 ജൂലൈ 31-നാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം എം രാമചന്ദ്രൻ ജനിച്ചത്. വിവേകോദയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1960കളുടെ തുടക്കത്തിൽ കേരളവർമ കോളേജിൽനിന്ന് ബികോം ബിരുദംനേടി.
പഠനം പൂർത്തിയാക്കിയശേഷം ഇന്ത്യൻ ബാങ്കിൽ ജീവനക്കാരനായി. പിന്നീട് കുവൈത്ത് കൊമേഴ്സ്യൽ ബാങ്കിൽ ഓഫീസറായി. മികവാർന്ന പ്രവർത്തനംകൊണ്ട് ഉയർന്ന ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും സ്വർണ വ്യാപാര മേഖലയിലേക്ക് തിരിയുകയായിരുന്നു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രൊമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു.
അപ്രതീക്ഷിതമായി സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് മൂന്നു വർഷത്തോളം ജയിലിൽ കഴിഞ്ഞു. പുറത്തിറങ്ങിയ രാമചന്ദ്രൻ അറ്റ്ലസ് ജ്വല്ലറി പുനഃസ്ഥാപിക്കണമെന്നും തൃശൂരിലേക്ക് തിരിച്ചുവരണമെന്നും ആഗ്രഹിച്ചിരിക്കേയാണ് മരണം. തൃശൂർ പൂരത്തോടനുബന്ധിച്ച് നടത്തിയിരുന്ന അക്ഷരശ്ലോക മത്സരത്തിന്റെ സ്ഥിരം സംഘടകനായിരുന്നു രാമചന്ദ്രനെന്ന് സുഹൃത്തും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ഡോ. ടി എ സുന്ദർമേനോൻ പറഞ്ഞു. അദ്ദേഹത്തെ തൃശൂരിൽത്തന്നെ സംസ്കരിക്കേണ്ടതായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളും പ്രസ്ഥാനങ്ങളും ശ്രമിക്കാതിരുന്നതിൽ പലർക്കും കടുത്ത അമർഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദനയെത്തുടർന്ന് ബർ ദുബായ് ആസ്റ്റർ മാൻഖൂൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്ദിരയാണ് ഭാര്യ. മക്കൾ: ശ്രീകാന്ത്, മഞ്ജു. സഹോദരങ്ങൾ: രാധ, രവീന്ദ്രൻ, രത്നം, രാജേന്ദ്രൻ, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ്.
Credits Kerala || Deshabhimani Online News https://ift.tt/QKiE7M4
Comments