ഹിജാബ് വിലക്ക് : കടകവിരുദ്ധ നിലപാടുമായി ജഡ്ജിമാർ ; വിദ്യാഭ്യാസമോ യൂണിഫോമോ പ്രധാനം? അവിഭാജ്യഘടകമോ ?
ന്യൂഡൽഹി
കർണാടകത്തിലെ ഹിജാബ് വിലക്ക് ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീംകോടതി രണ്ടംഗബെഞ്ചിൽ അംഗങ്ങളായ ജഡ്ജിമാരുടേത് കടകവിരുദ്ധമായ നിലപാട്. ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റെ ഭാഗമായ ചിഹ്നങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അനുമതി നൽകിയാൽ അത് മതനിരപേക്ഷതയ്ക്ക് എതിരാകുമെന്നായിരുന്നു ജസ്റ്റിസ് ഹേമന്ത്ഗുപ്തയുടെ നിലപാട്. മതവേർതിരിവുകൾക്ക് അപ്പുറം വിദ്യാർഥികൾക്കിടയിൽ തുല്യതാബോധം ഉണ്ടാക്കാൻ ഏകീകൃത യൂണിഫോമുകൾക്ക് കഴിയും. ഹിജാബ് ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ക്ലാസിൽ ഹാജരാകില്ലെന്നത് ചില വിദ്യാർഥിനികളുടെ സ്വന്തം തീരുമാനമാണ്. അവകാശനിഷേധമെന്ന വാദം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമോ
യൂണിഫോമോ പ്രധാനം?
പെൺകുട്ടിക്ക് വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്നതാണോ യൂണിഫോം അടിച്ചേൽപ്പിക്കുന്നതാണോ പ്രധാനമെന്ന് ജസ്റ്റിസ് സുധാൻശു ധുലിയ ചോദിച്ചു. കർണാടകസർക്കാരും അധികൃതരും മറുപടി നൽകണം. ഹിജാബ് വിലക്ക് കാരണം പല വിദ്യാർഥിനികൾക്കും അവരുടെ ബോർഡ് പരീക്ഷകൾപോലും നഷ്ടമായി. ചില കുട്ടികൾക്ക് മറ്റ് സ്കൂളിലേക്ക് മാറേണ്ടിവന്നു. സ്കൂൾ പൊതുഇടമാണെന്ന വാദം അംഗീകരിച്ചാലും സ്കൂളുകളെ പട്ടാളക്യാമ്പുകളോടോ ജയിലുകളോടോ താരതമ്യപ്പെടുത്തി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും അദ്ദേഹം വിധിന്യായത്തിൽ നിരീക്ഷിച്ചു.
അവിഭാജ്യഘടകമോ ?
ഹിജാബ് ധരിക്കുന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ട അവിഭാജ്യഘടകമാണോയെന്ന ചോദ്യത്തിന് രണ്ട് ജഡ്ജിമാരും കൃത്യമായ ഉത്തരം നൽകിയില്ല. ഹിജാബ് അവിഭാജ്യഘടകമല്ലെന്നും അതിനാൽ ഭരണഘടനയുടെ 25–-ാം അനുച്ഛേദത്തിന്റെ സംരക്ഷണം കിട്ടില്ലെന്നുമാണ് കർണാടക ഹൈക്കോടതി ഉത്തരവ്. അവിഭാജ്യഘടകമാണോയെന്നത് ഈ കേസിൽ പരിഗണിക്കേണ്ട കാര്യവുമില്ലെന്ന് ജസ്റ്റിസ് സുധാൻശു ധുലിയ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹിജാബ് വിലക്ക്
2022 ഫെബ്രുവരി രണ്ടിന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണ് എല്ലാ സർക്കാർ സ്കൂളുകളിലും ഔദ്യോഗിക യൂണിഫോം നിർബന്ധമാക്കിയത്. ഹിജാബിനും മറ്റും വിലക്കേർപ്പെടുത്തുന്ന ഉത്തരവിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. ചില വിദ്യാർഥിനികളും സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചു. ഇരുപത്താറോളം ഹർജികളിൽ 10 ദിവസത്തെ വാദംകേൾക്കലിനുശേഷമാണ് രണ്ടംഗബെഞ്ച് ഭിന്നവിധികൾ പുറപ്പെടുവിച്ചത്.
വിശാലബെഞ്ച് തീരുമാനം വരട്ടെ
ഹിജാബ് വിലക്കിനെതിരായ ഹർജികളിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൽനിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിൽ വിശാലബെഞ്ച് വിധിക്കായി കാത്തിരിക്കാമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
അതേസമയം, ഏതുവേഷം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഹിജാബുപോലെ മറ്റ് പലതും ആളുകൾ ധരിക്കാറുണ്ട്. വിശ്വാസത്തിന്റെ ഭാഗമായ വസ്ത്രധാരണം ഒരു വിഭാഗം മാത്രമല്ല നടത്തുന്നത്. അതൊക്കെ മറ്റു പല രാജ്യങ്ങളിലും അനുവദനീയമായതാണ്. സിഖ് വിഭാഗക്കാർ തലപ്പാവ് ധരിക്കുന്നു. ഇന്ത്യയിൽ സർദാർജിമാർ ബൈക്കോടിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കേണ്ട. അതും നിയമമാണ്. ഇന്ത്യ പോലെ ജനാധിപത്യ രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം–- സീതാറാം യെച്ചൂരി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/LS7Hp5m
Comments