ചിരാഗ് പസ്വാൻ വീണ്ടും എൻഡിഎ പാളയത്തിൽ
ന്യൂഡൽഹി
നിതീഷ് കുമാറിനെതിരെ നിഴൽയുദ്ധം നടത്താൻ ബിജെപി ഉപയോഗിച്ച ചിരാഗ് പസ്വാൻ വീണ്ടും എൻഡിഎ പാളയത്തിൽ. അന്തരിച്ച കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനും ലോക് ജനശക്തി (പാസ്വാൻ) വിഭാഗം നേതാവുമായ ചിരാഗ്, നവംബർ മൂന്നിന് നടക്കുന്ന മൊകാമ, ഗോപാൽഗഞ്ച് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കായി പ്രചാരണം നടത്തുമെനന്ന് പ്രഖ്യാപിച്ചു.
നിതീഷ്കുമാറുമായി ഉടക്കി സഖ്യംവിട്ട ചിരാഗ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനെതിരെ ബിജെപി സഹായത്തോടെ സ്ഥാനാർഥികളെ നിർത്തി വോട്ടുചോർത്തിയിരുന്നു. ഇത് ജെഡിയു സീറ്റുകൾ കുത്തനെ കുറയാൻ കാരണമായി. നിതീഷ് കുമാറിനെ എൻഡിഎ സഖ്യത്തിൽനിന്ന് പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സംഭവമായിരുന്നു ചിരാഗിനെ നിർത്തിയിള്ള ബിജെപിയുടെ നിഴൽയുദ്ധം.
നിതീഷ് മഹാസഖ്യത്തിലേക്ക് മടങ്ങിയതോടെയാണ് ചിരാഗ് വീണ്ടും എൻഡിഎ പാളയത്തിൽ എത്തുന്നത്. മഹാസഖ്യ സർക്കാർ രൂപീകരിച്ചതിനു പിന്നാലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരുവിഭാഗത്തിനും അഭിമാന പോരാട്ടമാണ്. മുൻമന്ത്രിയും ബിജെപി നേതാവുമായ സുഭാഷ് സിങ്ങിന്റെ മരണത്തോടെയാണ് ഗോപൽഗഞ്ചിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ആർജെഡി എംഎൽഎയായിരുന്ന അനന്ത് സിങ് എകെ 47 തോക്ക് കൈവശം വച്ചതിന് നിയമസഭാംഗത്വം നഷ്ടപ്പെട്ട് 10വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് മൊകാമ സീറ്റിൽ വോട്ടെടുപ്പ് വേണ്ടിവന്നത്. ഇരുസീറ്റിലും മുൻ എംഎൽഎമാരുടെ ഭാര്യമാരാണ് സ്ഥാനാർഥികൾ.
Credits National || Deshabhimani Online News https://ift.tt/SCBfsT2
Comments