കേരളപ്പിറവി ദിനത്തിൽ നാടൊരുമിക്കും ; ലഹരിക്കെതിരെ മനുഷ്യമഹാശൃംഖല
തിരുവനന്തപുരം
ലഹരിമരുന്നിനോട് ‘നോ’ പറഞ്ഞ് കേരളപ്പിറവിദിനത്തിൽ സംസ്ഥാനത്തെങ്ങും മനുഷ്യക്കോട്ടയുയരും. പ്രാദേശികതലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധ ശൃംഖലകളിൽ ജനലക്ഷങ്ങൾ അണിനിരക്കും. പൊതുഭരണ, തദ്ദേശ, റവന്യു, പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ, തൊഴിൽ, പട്ടികജാതി–- വർഗ വികസന വകുപ്പുകളും പൊലീസും എക്സൈസും സംയുക്തമായാണ് നേതൃത്വം നൽകുക. ലഹരിവിരുദ്ധ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണിത്. ഓരോ വാർഡിലുമാണ് പരിപാടി. വിദ്യാലയങ്ങൾ ഇല്ലാത്തിടത്ത് പ്രധാന കേന്ദ്രത്തിൽ നടത്തും.
പകൽ രണ്ടരയ്ക്ക് ട്രയൽ നടത്തി മൂന്നിന് മനുഷ്യശൃംഖല രൂപീകരിക്കും. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കണ്ണിപിരിയും. തുടർന്ന് പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിച്ച് കുഴിച്ചുമൂടും. വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാരും എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികളും പങ്കാളികളാകും. കലാ, കായിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും താരങ്ങളുമെല്ലാം കണ്ണിചേരും. പ്രചാരണ ബോർഡും ബാനറും മറ്റ് പരിപാടികളുമുണ്ടാകും. സ്കൗട്ട് ആൻഡ് ഗൈഡിന്റെ ആഭിമുഖ്യത്തിൽ 25ന് കാസർകോട്നിന്ന് സൈക്കിൾ റാലി ആരംഭിക്കും. നവംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മൂവായിരത്തിലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സംഗമവും സംഘടിപ്പിക്കും. 30, 31 തീയതികളിൽ സംസ്ഥാനത്തെങ്ങും വിളംബര ജാഥയും നടക്കും.
കരുതലേകാൻ മിത്രയുണ്ട്
ലഹരിക്കെതിരെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്ക് പ്രത്യേക ടെലി കൗൺസലിങ് സൗകര്യം ഏർപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപറേഷന് കീഴിലുള്ള മിത്ര 181 ഹെൽപ്പ് ലൈനിലൂടെയാണ് സേവനം. ലഹരിയിൽനിന്ന് മോചനം ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സേവനം ലഭിക്കും. ചികിത്സയും ഉറപ്പാക്കും.
കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം കാരണം പ്രയാസം നേരിടുന്നവർക്കും ടോൾ ഫ്രീ നമ്പരിൽ വിളിക്കാം. 24 മണിക്കൂറും സേവനമുണ്ട്. ലഹരി വസ്തുക്കളുടെ വിനിമയ കേന്ദ്രങ്ങളുടെ വിവരവും കൈമാറാം. പേര് വെളിപ്പെടുത്താതെ തുടർ നടപടി സ്വീകരിക്കും. കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയാനും മാർഗവുമുണ്ട്. സർക്കാരിന്റെ വിമുക്തി കേന്ദ്രങ്ങളിലും മറ്റ് പൊതു, സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡി അഡിക്ഷൻ സെന്ററിലേക്കുമുള്ള റഫറൽ സൗകര്യവും ലഭ്യമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/j016rWN
Comments