എൽദോസ്‌ കുന്നപ്പിള്ളിയുടെ ബലാത്സംഗക്കേസ്‌ : ഇടനിലക്കാരൻ സാക്ഷിയെ സ്വാധീനിക്കാനും ശ്രമിച്ചു


തിരുവനന്തപുരം
അധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസ് നേതാക്കളുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരൻ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ സാക്ഷിയെ സ്വാധീനിക്കാനും ശ്രമിച്ചു. പരാതിക്കാരിയുടെ സുഹൃത്തായ സാക്ഷിയുടെ ഫോണിലേക്കാണ് ശബ്ദസന്ദേശമയച്ചത്. തിരികെ വിളിക്കണമെന്നും കാര്യങ്ങൾ വ്യക്തമാക്കാമെന്നും അല്ലെങ്കിൽ പെട്ടുപോകുമെന്നും സന്ദേശത്തിലുണ്ട്. സാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി അധ്യാപിക കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.

യുവതിക്ക് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്യുമ്പാൾ ഒപ്പമുണ്ടായിരുന്ന സൂപ്പി അൻസാർ ഇന്ദിരാഭവനിലെത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരനെ സന്ദർശിച്ചിരുന്നു. എങ്ങനെയും പരാതി പിൻവലിപ്പിക്കാനാണ് സുധാകരന്റെ നിർദേശപ്രകാരം എംഎൽഎയും സൂപ്പി അൻസാറും തുടർച്ചയായി യുവതിയെയും സാക്ഷികളെയും സമ്മർദത്തിലാക്കുന്നതെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം. മുൻകൂർ ജാമ്യാപേക്ഷയിൽ 20ന് വിധി പറയാനിരിക്കെ ഇത്തരം നീക്കം തുടരുന്നത് ഗൗരവതരമാണെന്ന് നിയമവിദഗ്ധർ പറയുന്നു. ഒമ്പത് ദിവസമായി എംഎൽഎ ഒളിവിലാണ്.

എംഎൽഎയുടെ വീട്ടിലും 
പീഡിപ്പിക്കാൻ ശ്രമിച്ചു ; സ്പീക്കർ തെരഞ്ഞെടുപ്പിനെത്തിയത് മുറിപ്പാടുമായി
എൽദോസ് കുന്നപ്പിള്ളി എംഎൽഎ പെരുമ്പാവൂരിലെ വീട്ടിൽവച്ചും അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സെപ്തംബർ പത്തിനായിരുന്നു സംഭവം. അപകീർത്തിപ്പെടുത്തരുതെന്ന് പറയാനാണ് യുവതി എംഎൽഎയുടെ വീട്ടിലെത്തിയത്. ചില സുഹൃത്തുക്കളും അന്ന് ചർച്ചയിൽ പങ്കെടുത്തു. സംസാരത്തിനുശേഷം യുവതിയെ കടന്നുപിടിച്ചു. അധ്യാപികയുമായുള്ള ബലപ്രയോഗത്തിനിടെ എൽദോസിന്റെ മുഖത്തും കഴുത്തിലും മുറിവുണ്ടായി. ഈ മുറിപ്പാടുമായാണ് രണ്ട് ദിവസത്തിനുശേഷം സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എൽദോസ് എത്തിയത്.

12ന് നിയമസഭയിൽ സഹപ്രവർത്തകർ മുറിവിനെപ്പറ്റി അന്വേഷിച്ചപ്പോൾ ‘ഒരു സ്ത്രീ അക്രമിച്ചു’ എന്നായിരുന്നു തമാശരൂപത്തിലുള്ള മറുപടി. പിന്നീട് ഓണാഘോഷത്തിനിടെ പരിക്കേറ്റുവെന്ന് പറഞ്ഞൊഴിഞ്ഞു. അന്ന് എറണാകുളത്തേക്ക് പോയി 14ന് രാത്രി ജനശതാബ്ദിയിൽ തലസ്ഥാനത്ത് മടങ്ങിയെത്തി. തുടർന്നാണ് യുവതിയുടെ വീട്ടിലെത്തി കടത്തിക്കൊണ്ടുപോയി മർദിച്ചതെന്നാണ് ആക്ഷേപം.

എസ്എച്ച്ഒയ്ക്കും കോൺഗ്രസ് 
നേതാക്കൾക്കുമെതിരെ 
യുവതിയുടെ പരാതി
ബലാത്സംഗക്കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കുവേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അധ്യാപിക കമീഷണർക്ക് പരാതി നൽകി. കൈക്കൂലിപ്പണം ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാൻ ഇൻസ്പെക്ടർ കൂട്ടുനിന്നുവെന്നും മാധ്യമങ്ങളോട് പേര് വെളിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
എംഎൽഎയെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്നും ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് പരാതി നൽകി. യുവതി തട്ടിപ്പുകാരിയാണെന്നും പണത്തിനുവേണ്ടി എംഎൽഎയെ കള്ളക്കേസിൽ കുടുക്കുകയാണെന്നുമാണ് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്. മുതിർന്ന നേതാക്കളുടെ അനുവാദത്തോടെയാണ് ഇതെല്ലാം. സൈബറിടങ്ങളിൽ പ്രചരിപ്പിക്കുന്നവ നേതാക്കളിൽ ചിലർ വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/zT2OBMl

Comments

Archive

Contact Form

Send