ഹിമാചലിൽ ചിത്രം തെളിഞ്ഞു ; വിമതശല്യത്തിൽ ഉലഞ്ഞ് കോൺഗ്രസും ബിജെപിയും
ന്യൂഡൽഹി
ഹിമാചൽപ്രദേശിൽ വിമത സ്ഥാനാർഥികളെ പിന്തിരിപ്പിക്കാനുള്ള ബിജെപി–- കോൺഗ്രസ് നേതൃത്വങ്ങളുടെ ശ്രമം ഫലം കണ്ടില്ല. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിച്ചതിനുശേഷവും നിരവധി മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ഒരേപോലെ വിമതശല്യം നേരിടുകയാണ്. ബിജെപിയിൽ വിമതരെ പിന്തിരിപ്പിക്കാൻ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നേരിട്ട് രംഗത്തിറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല.
ശനിയാഴ്ച 92 പേർ പത്രിക പിൻവലിച്ചതോടെ 68 സീറ്റിലേക്ക് 413 പേരാണ് മത്സരരംഗത്ത് ശേഷിക്കുന്നത്. കുള്ള സദർ മണ്ഡലത്തിൽ വിമത സ്ഥാനാർഥിയായി രംഗത്തുവന്ന മുതിർന്ന നേതാവ് മഹേശ്വർ സിങ് പത്രിക പിൻവലിച്ചത് ബിജെപിക്ക് ആശ്വാസമായി. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് മഹേശ്വർ സിങ്. നേതൃത്വത്തിന്റെ സമ്മർദത്തെത്തുടർന്ന് സിങ് പിൻവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ മകൻ ഹിതേശ്വർ ബൻജാർ മണ്ഡലത്തിൽ സ്വതന്ത്രനായി രംഗത്തുണ്ട്. ചിന്ത്പുർണിയിൽ മുൻ മന്ത്രി കുൽദീപ് കുമാർ പത്രിക പിൻവലിച്ചത് കോൺഗ്രസിനും ആശ്വാസമായിട്ടുണ്ട്. ബിലാസ്പുരിൽ കോൺഗ്രസ് വിമതനായി രംഗത്തുവന്ന തിലക്രാജ്, ജാൻദത്തയിൽ വിമതനായിരുന്ന മുൻ എംഎൽഎ ബിരുറാം കിഷോർ എന്നിവരും പിൻവാങ്ങി.
പച്ചഡിൽ മുൻമന്ത്രി ഗംഗുറാം മുസാഫിർ, ചോപ്പലിൽ മുൻ എംഎൽഎ സുഭാഷ് മംഗ്ലേത്, അന്നിയിൽ പരസ്റാം, സുല്ലയിൽ ജഗ്ജീവൻ പാൽ, ടിയോഗിൽ ഇന്ദു വർമ, ജൊഗീന്ദർനഗറിൽ സഞ്ജീവ് ഭണ്ഡാരി എന്നിവർ കോൺഗ്രസ് വിമതരായി രംഗത്തുണ്ട്.
മുൻഎംപി കൃപാൽ പർമാർ, മുൻ എംഎൽഎമാരായ വിപിൻ നെഹ്റ, തേജ്വന്ത് നെഗി, ഹൊഷിയാർ സിങ്, ഇന്ദിര കപുർ തുടങ്ങിയവരാണ് ബിജെപിയുടെ വിമത സ്ഥാനാർഥികൾ. അതേസമയം കോൺഗ്രസിൽനിന്ന് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. കോൺഗ്രസിൽ മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ എതിരാളിയായി പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന നേതാവ് വിജയ്സിങ് മാകോട്ടിയ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നു. മുൻ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ രാകേഷ് കാലിയയും കോൺഗ്രസ് വിട്ടു.
Credits National || Deshabhimani Online News https://ift.tt/rqPQ7gi
Comments