കേരളത്തെ ഇകഴ്ത്തി തമ്മിലടി മറയ്ക്കാൻ ബിജെപി ; കേന്ദ്രമന്ത്രിമാരും രംഗത്ത്
തിരുവനന്തപുരം
പതിനെട്ടടവും പയറ്റിയിട്ടും വേരുറപ്പിക്കാനാകാത്ത ബിജെപി കേരളത്തെ ഇകഴ്ത്തിക്കാട്ടി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. കേന്ദ്രമന്ത്രിമാരും സംഘപരിവാറിന്റെ ഉന്നത നേതാക്കളും തമ്പടിച്ചാണ് ഇത്തരം കുപ്രചാരണം. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തെത്തിയത് ഇതിന്റെ ഭാഗം.
കേരളത്തിലെ ബിജെപിയുടെ പുതിയ ചുമതലക്കാരനായ പ്രഭാരി പ്രകാശ് ജാവ്ഡേക്കറും കൂട്ടരും കോട്ടയത്തും തിരുവനന്തപുരത്തും കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമ സ്ഥാപനങ്ങളടക്കം സന്ദർശിച്ചിരുന്നു. ചില പ്രത്യേക സമരങ്ങൾക്കും വരാൻപോകുന്ന ചില കൂട്ടുകെട്ടുകൾക്കും പിന്തുണ അഭ്യർഥിച്ചായിരുന്നു ഇത്. കേരളം പലകാര്യങ്ങളിലും പിന്നിൽ പോയെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൻ വികസനമാണെന്നുമുള്ള അവാസ്തവങ്ങളാണ് പ്രചരിപ്പിക്കുന്നത്. ചെറിയൊരു വിഭാഗം ക്രൈസ്തവരിൽ പിടികൂടിയ വർഗീയ ചിന്തയും ധനമോഹവും മുതലെടുക്കാനും നീക്കമുണ്ട്. എൽഡിഎഫ് സർക്കാരിനെതിരെ മോശമായി ഒന്നും പറയാനില്ലാത്തതിനാൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ്. കേരള ബിജെപിയിലെ അതിരൂക്ഷമായ ഗ്രൂപ്പ് ഏറ്റുമുട്ടലടക്കമുള്ളവ മറച്ചുവയ്ക്കാനുള്ള വിഫല ശ്രമം കൂടിയാണ് ഇതിനുപിന്നിൽ. മഞ്ചേശ്വരം കോഴയും കള്ളനോട്ട് പിടിച്ചതും സുരേന്ദ്രന്റെ മകന് കേന്ദ്ര സ്ഥാപനത്തിൽ അനധികൃത നിയമനം നൽകിയതുൾപ്പെടെ നിരവധി സംഭവങ്ങളിൽ ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായിരുന്നു. ഇത് എടുത്തുകാട്ടി ഒരു വിഭാഗം രംഗത്തെത്തിയത് മറച്ചുപിടിക്കാനും ഔദ്യോഗിക നേതൃത്വം കുപ്രചാരണങ്ങളെ ആശ്രയിക്കുകയാണ്.
ദേശീയ പാതകൾ കേന്ദ്രത്തിന്റെതാണ്, അരി നൽകുന്നത് കേന്ദ്രമാണ്, കേരളം മദ്യവും ലോട്ടറിയും കള്ളക്കടത്തും മാത്രമുള്ള സംസ്ഥാനമായെന്ന വ്യാജ പ്രചാരണമാണ് നടത്തുന്നത്. ദേശീയപാതയിലും റേഷൻ വിതരണത്തിലും ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാൾ കൂടുതൽ ഇടപെടുന്നത് കേരള സർക്കാരാണെന്നത് മറച്ചുവയ്ക്കാനാണ് ശ്രമം.
പിന്നോക്കക്കാർക്ക് ജാതിതിരിച്ച് സംവരണം നൽകുന്നത് ശരിയാണോയെന്ന പുതിയ പ്രചാരണത്തിനും ജാവ്ഡേക്കർ തുടക്കമിട്ടു. സവർണരെയും ക്രൈസ്തവരിലെ ക്രിമിലെയർ വിഭാഗത്തെയും ലക്ഷ്യമിട്ടാണ് ഈ പ്രചാരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ലക്ഷ്യമിടുന്നു.
Credits Kerala || Deshabhimani Online News https://ift.tt/TjHIMXf
Comments