തൊഴിൽമേള തട്ടിപ്പ്‌

യുവജനങ്ങൾക്ക് വൻതോതിൽ ജോലി നൽകാൻ മോദിസർക്കാർ ‘തൊഴിൽമേള’ നടത്തുന്നുവെന്നാണ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും നേരിട്ട് നിയമനഉത്തരവുകൾ നൽകുന്നു. ഒന്നരവർഷത്തിൽ 10 ലക്ഷം നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു. നിയമനത്തിന് വേഗം കൂട്ടാൻ നാല് ഷിഫ്റ്റായി പരീക്ഷ നടത്തുമത്രെ.

സർക്കാർ ജോലിക്കായി വ്യഗ്രത കാട്ടാതെ യുവജനങ്ങൾ സംരംഭകരാകണമെന്ന് ആഹ്വാനംചെയ്ത മോദിസർക്കാർ ഇപ്പോൾ നടത്തുന്ന ‘തൊഴിൽമേള’ കണ്ണിൽ പൊടിയിടൽ തന്ത്രമാണ്. ‘പക്കോഡ’ കച്ചവടം നടത്തിയാൽ സുഖമായി ജീവിച്ചുകൂടെ, തൊഴിൽ തേടുന്നത് എന്തിനാണ്? എന്നൊക്കെ കേന്ദ്രമന്ത്രിമാർ ചോദിച്ചിട്ടുണ്ട്. പ്രതിവർഷം രണ്ട് കോടി പേർക്ക് വീതം തൊഴിൽവാഗ്ദാനം ചെയ്ത് അധികാരത്തിൽവന്ന മോദിസർക്കാർ കഴിഞ്ഞ എട്ടുവർഷവും യുവജനങ്ങളെ ഇത്തരത്തിൽ പരിഹസിച്ചു. മോദിഭരണത്തിൽ കേന്ദ്രസർക്കാർ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മൊത്തം ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ 12 ലക്ഷത്തിലേറെയായി. നിയമനനിരോധനത്തിൽ സർക്കാർ ഖ്യാതി അവകാശപ്പെട്ടു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതാണ് സർക്കാർനയമെന്നും കരാർനിയമനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായി. പ്രതിരോധസേനകളിലടക്കം അഗ്നിവീർ എന്ന പേരിൽ താൽക്കാലികനിയമനം നടപ്പാക്കി. ഇതിനെതിരെ ഉയർന്ന അതിശക്തമായ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചു. റെയിൽവേ അടക്കമുള്ള പ്രമുഖ തൊഴിൽദാതാക്കളെ ഘട്ടംഘട്ടമായി സ്വകാര്യവൽക്കരണത്തിലേക്ക് നയിച്ചു. സ്ഥിരംതൊഴിൽ അസാധ്യമാക്കുന്ന വിധത്തിൽ തൊഴിൽനിയമങ്ങൾ ഭേദഗതിചെയ്തു. നിശ്ചിതകാല തൊഴിലുകൾ സൃഷ്ടിച്ചാൽ മതിയെന്ന് കോർപറേറ്റുകൾക്ക് സന്ദേശം നൽകി.

കേന്ദ്രസർവീസിൽ ഒഴിഞ്ഞുകിടക്കുന്നത് 8,75,158 തസ്തികയാണെന്ന് പാർലമെന്റിൽ മറുപടി നൽകി. ഗ്രൂപ്പ് എയിൽ- 21,255. ഗ്രൂപ്പ് ബിയിൽ 97,757, ഗ്രൂപ്പ് സിയിൽ 7,56,146, സായുധസേനകളിൽ 1,22,555, റെയിൽവേയിൽ 2,65,547 എന്ന ക്രമത്തിലാണ് ഒഴിവ്. എന്നാൽ, പതിനായിരക്കണക്കിന് തസ്തിക സർക്കാർ നിർത്തലാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ സ്ഥിരംനിയമനം പൂർണമായും അവസാനിപ്പിച്ചു. കോവിഡിന്റെ പേരിൽ പ്രതിരോധസേനകളിൽ രണ്ടുവർഷം നിയമനം നിർത്തിവച്ചു. റിക്രൂട്ട്മെന്റ് പുനരാരംഭിച്ചപ്പോൾ നാല് വർഷത്തേക്കുമാത്രം സൈനികരെ നിയമിക്കുന്ന ‘അഗ്നിപഥ്’ പദ്ധതി കൊണ്ടുവന്നു. ഇതുവഴി കൃത്രിമമായി തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനാകുമെന്ന് സർക്കാർ കരുതുന്നു. ഓരോവർഷവും 45,000 പേരെയാണ് സേനകളിൽ എടുക്കുന്നത്. ഇതിൽ 33,000 പേരും കാലാവധിക്കുശേഷം പിരിഞ്ഞുപോകും. കണക്കുകളിൽ പുതിയ നിയമനങ്ങൾ നടക്കുമെങ്കിലും പിരിഞ്ഞുപോകുന്നവർ വീണ്ടും തൊഴിലില്ലാത്തവരാകും.

ഇന്ത്യയിൽ മൊത്തം തൊഴിലിന്റെ നാല് ശതമാനം മാത്രമാണ് പൊതുമേഖലയിൽ നിലനിൽക്കുന്നത് എന്നിരിക്കെയാണ് സർക്കാരിന്റെ ഈ തലതിരിഞ്ഞ നയം. അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങളിൽപ്പോലും പൊതുമേഖലാ തൊഴിലുകൾ പത്ത് ശതമാനത്തിൽ കൂടുതലുണ്ട്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിയതോടെയാണ് ബിജെപിക്ക് അങ്കലാപ്പായത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും തൊഴിൽരഹിതരായ യുവജനങ്ങളുടെ രോഷം പ്രകടമാണ്. രാജ്യത്ത് നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ്. കഴിഞ്ഞ ആഗസ്തിൽ ഇത് 8.3 ശതമാനമായി. ഇന്ത്യയിലെ തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും അമർഷം രേഖപ്പെടുത്താൻ ആർഎസ്എസ്പോലും നിർബന്ധിതമായി. ഈ സാഹചര്യത്തിലാണ് ‘തൊഴിൽമേള ആഘോഷം'. 2023 ഡിസംബറിൽ 10 ലക്ഷം തൊഴിൽനൽകൽ പൂർത്തിയാകുമെന്നാണ് പ്രഖ്യാപനം. തുടർന്ന്, നാലുമാസത്തിനകമാണ് 2024ലെ പൊതുതെരഞ്ഞെടുപ്പ്. വർഗീയതയും ഭിന്നിപ്പും പ്രചരിപ്പിച്ച് വോട്ട് തട്ടുന്നത് ആവർത്തിക്കാനാകില്ലെന്ന ആശങ്ക ബിജെപിക്കും സംഘപരിവാർ നേതൃത്വത്തിനുമുണ്ട്. പ്രതിപക്ഷം തൊഴിലില്ലായ്മയെന്ന വിഷയം ഉന്നയിക്കുമ്പോൾ ബിജെപി നിശ്ശബ്ദമാകുന്നതാണ് അനുഭവം.
അടുത്തുവരുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കർണാടകം, ത്രിപുര, തെലങ്കാന, മേഘാലയ, നാഗാലാൻഡ്, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകളിലും തൊഴിലില്ലായ്മ തിരിച്ചടിയാകുമെന്ന ഭയവും ബിജെപിക്കുണ്ട്. ബിജെപി ഭരിക്കുന്ന അസമിൽ ഈയിടെ 26,000 ഒഴിവിലേക്കുള്ള വിജ്ഞാപനത്തിന് 12 ലക്ഷം പേർ അപേക്ഷിച്ചതും അവരുടെ അങ്കലാപ്പ് വർധിപ്പിക്കുന്നു. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ ആത്മാർഥമായ നടപടി സ്വീകരിക്കാതെ തട്ടിപ്പ് പ്രഖ്യാപനങ്ങളിൽ അഭിരമിക്കുകയാണ് മോദിയും കൂട്ടരും.



Credits Kerala || Deshabhimani ​Online ​News https://ift.tt/i9Z6z8E

Comments

Archive

Contact Form

Send