ആപ്പിൾത്തോട്ടങ്ങളുടെ നാട്ടിൽ വീണ്ടും ചെങ്കൊടി ഉയർത്താൻ ടിയോഗ്
ടിയോഗ് (ഹിമാചൽ)
ആപ്പിൾത്തോട്ടങ്ങളുടെ നാട്ടിൽ വീണ്ടും ചെങ്കൊടി ഉയർത്താനുള്ള ഒരുക്കത്തിലാണ് ടിയോഗ്. ഹിമാചലിലെ ഏറ്റവും സമ്പന്നമായ മേഖലയാണ് ടിയോഗ് ജില്ലയിലെ കോട്ഗഢ്. ഹിമാചലിന്റെ ആപ്പിൾക്കൂട. ആപ്പിളിനു പുറമെ ഓറഞ്ചും പിയറും ആപ്രികോട്ടുമെല്ലാം സുഭിക്ഷമായി വിളയുന്ന മണ്ണ്. കോട്ഗഢിന് പഴങ്ങൾക്കൊപ്പം പ്രിയമാണ് രാഷ്ട്രീയവും. വിദ്യാ സ്റ്റോക്സിന്റെയും രാകേഷ് സിംഗയുടെയും നാട്. ഹിമാചലിലെ മുതിർന്ന കോൺഗ്രസ് നേതാവായ സ്റ്റോക്സ് ദീർഘനാൾ മന്ത്രിയും എംഎൽഎയുമായിരുന്നു. ഹെക്ടറുകൾ പരന്നുകിടക്കുന്ന ആപ്പിൾ തോട്ടത്തിന്റെ ഉടമയായ സമ്പന്ന കുടുംബാംഗം. സ്റ്റോക്സിന്റെ ബന്ധുവാണ് സിംഗ. എന്നാൽ, രാഷ്ട്രീയത്തിൽ രണ്ടു ധ്രുവങ്ങളിൽ.

ഷിംലയിൽനിന്ന് തിബത്തൻ അതിർത്തിയിലേക്ക് നീളുന്ന ദേശീയപാതയോട് ചേർന്ന് കുമാർസെയ്നെന്ന ചെറുപട്ടണത്തിൽ സിംഗയെ കണ്ടുമുട്ടുമ്പോൾ അദ്ദേഹം പ്രചാരണത്തിരക്കിലായിരുന്നു. ചെറിയൊരു തെരഞ്ഞെടുപ്പ് യോഗം. നാനൂറോളം വരുന്ന കേൾവിക്കാരിൽ പകുതിയിലേറെ സ്ത്രീകൾ. വേദിയിലും സദസ്സിലുമുള്ള പലരുടെയും പേരെടുത്ത് പറഞ്ഞും അവരുടെ ജീവിതസാഹചര്യങ്ങൾ വിശദീകരിച്ചുമാണ് പ്രസംഗം. ‘രാകേഷ് സിംഗാജി ആഗെ ബഡോ, ഹം ആപ്കെ സാഥ് ഹേ’ എന്ന മുദ്രാവാക്യം പലവട്ടം ഉയർന്നുപൊങ്ങി. ഹ്രസ്വമായ പ്രസംഗശേഷം ആളുകളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ശ്രദ്ധയോടെ കേട്ടു. പല വിഷയങ്ങളിലും അപ്പോൾത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി.
തികഞ്ഞ വിജയപ്രതീക്ഷയിലാണ് സിംഗ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാകേഷ് വർമയെ രണ്ടായിരത്തിനടുത്ത് വോട്ടിനാണ് തോൽപ്പിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇക്കുറി എതിരാളികൾ ആരെന്ന് വ്യക്തമായിട്ടില്ല. രാകേഷ് വർമയുടെ ഭാര്യ ഇന്ദു വർമ സീറ്റ് പ്രതീക്ഷയിൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇന്ദുവാണ് സ്ഥാനാർഥിയെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനു സമാനമായി കോൺഗ്രസിൽ വോട്ടുചോർച്ചയുണ്ടാകും. അത് സിംഗയ്ക്ക് കൂടുതൽ അനുകൂല സാഹചര്യമൊരുക്കും.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ജനഹൃദയങ്ങളിൽ
ഹിമാചൽ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെയാണ് രാകേഷ് സിംഗ ഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. 1980–-81 കാലയളവിൽ ഹിമാചൽ സർവകലാശാലയുടെ ആദ്യ പ്രസിഡന്റായി. 1993ൽ ഷിംലയിൽനിന്ന് നിയമസഭയിലെത്തി. വിദ്യാർഥി സംഘടനാ പ്രവർത്തനഘട്ടത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് പിന്നീട് അയോഗ്യനാക്കപ്പെട്ടു. ജയിൽവാസവും അനുഷ്ഠിച്ചു. കള്ളക്കേസെന്നു കണ്ട് മേൽകോടതി കുറ്റവിമുക്തനാക്കി. ഷിംലയിൽ മുനിസിപ്പൽ കൗൺസിലറുമായിരുന്നു. 2012ൽ ടിയോഗിൽ മത്സരിച്ച് പതിനായിരത്തിലേറെ വോട്ട് നേടി മൂന്നാമതെത്തി. 2017ൽ വിജയിച്ച് 24 വർഷത്തെ ഇടവേളയ്ക്കുശേഷം നിയമസഭയിൽ സിപിഐ എം പ്രതിനിധിയെത്തി.
Credits National || Deshabhimani Online News https://ift.tt/e9z2nbS
Comments