ആഭിചാരക്കൊല: സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി> സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം ഗാന്ധിനഗർ ഇഡബ്ല്യുഎസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്- 52), ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70), ഭാര്യ ലൈല (61) എന്നിവരാണ് അറസ്റ്റിലായത്.

കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പത്മം (56), കാലടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹാവശിഷ്ടങ്ങൾ ഭഗവൽസിങ്ങിന്റെ വീട്ടുവളപ്പിൽനിന്ന് ചൊവ്വാഴ്ച കുഴിച്ചെടുത്തു.

കഴിഞ്ഞമാസം 26 മുതൽ പത്മയെ കാണാതായെന്ന മകൻ സെൽവന്റെ പരാതിയിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ ആഭിചാരക്കൊലയുടെ മറനീക്കിയത്. അന്വേഷണത്തിൽ പത്മയുടെ മൊബൈൽഫോൺ ലൊക്കേഷൻ തിരുവല്ല ഭാഗത്ത് കണ്ടെത്തി. പത്മയെ കൊച്ചിയിൽനിന്ന് വാഹനത്തിൽ കടത്തിക്കൊണ്ടുപോയ മുഹമ്മദ് ഷാഫി പൊലീസ് വലയിലായിരുന്നു.

നഗരത്തിൽ ലോട്ടറി വിറ്റിരുന്ന സ്ത്രീകൾ നൽകിയ വിവരമനുസരിച്ചാണ് ഷാഫിയെ തിരിച്ചറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് അന്വേഷണം ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിയതോടെ കാലടിയിൽനിന്ന് നേരത്തേ കാണാതായ റോസിലിയുടെ കൊലപാതകവിവരവും പുറത്തുവന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് റോസിലിയെ കാണാതായത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/HCYTlfA

Comments

Archive

Contact Form

Send