പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ ​പ്രശ്‌ന‌മുണ്ടാക്കി ​ഗവര്‍ണര്‍മാര്‍: എണ്ണിപ്പറഞ്ഞ് ‘പീപ്പിൾസ്‌ ഡെമോക്രസി ’ മുഖപ്രസംഗം

ന്യൂഡൽഹി> കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസ്–- ബിജെപി അജൻഡ നടപ്പാക്കാനുള്ള ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നിയന്ത്രണം വിട്ട നടപടികള് അക്കമിട്ട് നിരത്തി സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരണം ‘പീപ്പിൾസ് ഡെമോക്രസി’. സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ നടപടിക്രമം പാലിച്ചില്ലെന്ന വിധി മറ്റ് സർവകലാശാലകൾക്കും ബാധകമാക്കാൻ ഗവർണർ ശ്രമിക്കുന്നതിന് നിയമ പിൻബലമില്ല. യുജിസി നോമിനിക്കും സർവകലാശാല നോമിനിക്കും പുറമെ സംസ്ഥാന സർക്കാര് നോമിനിയെയും വിസി നിയമന സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സർവകലാശാലകളിൽ വ്യവസ്ഥയുണ്ട്. അത് അനുവദിക്കില്ലെന്ന നിലപാട് അന്യായമാണ്.

പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ വിസി നിയമനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. പഞ്ചാബിൽ ബാബ ഫരീദ് ആരോഗ്യസർവകലാശാലയിൽ പ്രമുഖ ഹൃദ്രോഗ വിദഗ്ധനെ വിസിയാക്കുന്നത് ഗവർണർ ബൻവരിലാൽ പുരോഹിത് തടഞ്ഞു. സർവകലാശാലകളിൽ ഗവർണർമാർ ഏകപക്ഷീയമായി ഇടപെടുന്നത് തടയാൻ തമിഴ്നാട്, കേരള, ബംഗാൾ നിയമസഭകൾ ബിൽ കൊണ്ടുവരികയോ ഭേദഗതി ചെയ്യുകയോ ഉണ്ടായി. സെർച്ച് കമ്മിറ്റി അംഗങ്ങൾ മൂന്നിൽനിന്ന് അഞ്ചാക്കാനുള്ള കേരള നിയമസഭ സെപ്തംബർ ഒന്നിന് പാസാക്കിയ ബില്ലിന് ഗവർണർ അനുമതി നൽകിയിട്ടില്ല; ബിൽ മടക്കിയിട്ടുമില്ല.

ഏതെങ്കിലും മന്ത്രി വിമർശിച്ചാൽ അവരോടുള്ള ‘പ്രീതി’ പിൻവലിക്കുമെന്ന് ഗവർണർ ഭീഷണിപ്പെടുത്തുന്നു. ധനമന്ത്രിയെ പുറത്താക്കണമെന്നും പറയുന്നു. ഇല്ലാത്ത അധികാരമാണ് ഗവർണർ പ്രയോഗിക്കുന്നത്. ഗവർണർമാർ ചാൻസലറാകുന്നത് അവസാനിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധി.
യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര–- സംസ്ഥാന ബന്ധം പഠിക്കാൻ നിയോഗിച്ച എം എം പൂഞ്ചി കമീഷന് ഇക്കാര്യം ശുപാർശ ചെയ്തിട്ടുണ്ട്–-മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.



Credits National || Deshabhimani ​Online ​News https://ift.tt/bXaImL8

Comments

Archive

Contact Form

Send