ഗവർണർമാരെവച്ച് സർക്കാരുകളെ അട്ടിമറിക്കുന്നു ; ഒറ്റക്കെട്ടായ് ചെറുക്കണം : സീതാറാം യെച്ചൂരി
ന്യൂഡൽഹി
ഗവർണർമാരെ രാഷ്ട്രീയമായി ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരായി എല്ലാ മതേതര ജനാധിപത്യ പാർടികളും യോജിച്ച് രംഗത്തുവരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ സർക്കാരുകൾക്ക് നേതൃത്വം നൽകുന്ന പാർടികൾ ഇതിന് മുൻകൈയെടുക്കണം. ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളുമായി ചർച്ച ആരംഭിച്ചെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരുമായി ആശയവിനിമയം നടത്തി. മറ്റ് നേതാക്കളുമായും സംസാരിക്കും. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇത് സംഘപരിവാർ താൽപ്പര്യപ്രകാരമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഗവർണറുടെ നടപടികളെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.
എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗവർണറുടെ ഏകപക്ഷീയ നീക്കങ്ങളെ കേരള ജനത ഐക്യത്തോടെ എതിർക്കും. തമിഴ്നാട്ടിലും ബിജെപിയുടെ താൽപ്പര്യപ്രകാരം ഗവർണർ അനാവശ്യ വിവാദം സൃഷ്ടിക്കുന്നതായി ഡിഎംകെ നേതാക്കൾ ആക്ഷേപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ട്. ഇതിനെതിരായി മതേതര–- ജനാധിപത്യ പാർടികൾ യോജിച്ച് രംഗത്തുവരണം–- യെച്ചൂരി പറഞ്ഞു.
കേരളത്തിൽ ധനമന്ത്രിയുടെയും വിസിമാരുടെയും രാജി ആവശ്യപ്പെട്ടത് ഭരണഘടനാവിരുദ്ധമാണ്. കേരളത്തിന്റെ മതേതരവും ജനാധിപത്യപരവും ശാസ്ത്രീയവുമായ ഉന്നതവിദ്യാഭ്യാസ സംവിധാനത്തെയാണ് ഗവർണർ ലക്ഷ്യമിടുന്നത്. ഇത് ഹിന്ദുത്വ ആശയ അജൻഡയെ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/USmE2lo
Comments