ഹിമാചൽ പ്രചാരണച്ചൂടിൽ ; വിമതപ്പടയിൽ ഉരുകി ബിജെപി
ന്യൂഡൽഹി
ഹിമാചൽപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയതോടെ ഭരണകക്ഷിയായ ബിജെപി കടുത്ത ആശങ്കയിൽ. 19 സീറ്റിലെ വിമത സ്ഥാനാർഥി സാന്നിധ്യം, മുൻ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ പ്രേംകുമാർ ധൂമൽ, ശാന്തകുമാർ എന്നിവരുടെ പൂർണമായ പിൻവലിയൽ, താഴെത്തട്ടിൽ പ്രതിഫലിക്കുന്ന കടുത്ത സർക്കാർവിരുദ്ധ വികാരം എന്നിവയാണ് ബിജെപിക്ക് വിനയായത്. ഹിമാചൽക്കാരനായ ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും മുഖ്യമന്ത്രി ജയ്റാം ഠാക്കൂറും കിണഞ്ഞുശ്രമിച്ചിട്ടും വിമതരെ അനുനയിപ്പിക്കുന്നതിൽ വിജയിക്കാനായില്ല.
68 സീറ്റ് മാത്രമുള്ള സംസ്ഥാനത്ത് 19 ഇടത്ത് ബിജെപിക്ക് വിമതരുണ്ട്. രണ്ടുവട്ടം എംഎൽഎയായ കിഷോരി ലാലാണ് കുള്ളു ജില്ലയിലെ അന്നി മണ്ഡലത്തിൽ ബിജെപി വിമതൻ. പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാലും ഇനി പിന്തിരിയുന്ന പ്രശ്നമില്ലെന്നും ലാൽ വ്യക്തമാക്കുന്നു. ദേഹ്രയിൽ സിറ്റിങ് എംഎൽഎ ഹോഷിയാർ സിങ്, കിന്നോറിൽ മുൻ എംഎൽഎ തേജ്വന്ത് നെഗി, നാലാഗഢിൽ മുൻ എംഎൽഎ കെ എൽ ഠാക്കൂർ എന്നിവരും ശക്തമായ വിമത സാന്നിധ്യമാണ്.
രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചെന്ന പ്രഖ്യാപനം എഴുപത്തെട്ടുകാരനായ മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ നടത്തിക്കഴിഞ്ഞു. മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിനെ പ്രചാരണരംഗത്ത് സജീവമാക്കി ധൂമൽവിഭാഗത്തെ അനുനയിപ്പിക്കാനാണ് ബിജെപി ശ്രമം.
ബ്രാഹ്മണ വിഭാഗത്തിൽനിന്നുള്ള നേതാവാണ് മറ്റൊരു മുൻ മുഖ്യമന്ത്രി ശാന്തകുമാർ. 18 ശതമാനം വരുന്ന ബ്രാഹ്മണർ നിർണായക വോട്ടുബാങ്കാണ്. അഞ്ചുവർഷത്തെ ജയ്റാം ഠാക്കൂർ ഭരണത്തിനെതിരായി ജനവികാരം ശക്തമാണ്. ആപ്പിളടക്കമുള്ള കാർഷികവിളകളുടെ വിലത്തകർച്ച ജനരോഷത്തിന് ആക്കംകൂട്ടുന്നു.
Credits National || Deshabhimani Online News https://ift.tt/RcWDM6q
Comments