ഓപ്പറേഷന്‍ താമര : തുഷാറിനെതിരെ തെളിവ് 
പുറത്തുവിട്ട് കെസിആര്‍


ഹൈദരാബാദ്
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ "ഓപ്പറേഷൻ താമര' പദ്ധതിക്കായി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചതിൽ ബിഡിജെഎസ് നേതാവും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് ടിആർഎസ്. തെലങ്കാന രാഷ്ട്ര സമിതി(ടിആര്എസ്) എംഎൽഎമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്ന് എംഎൽഎമാർക്ക് തുഷാർ വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.

കേന്ദ്രമന്ത്രി അമിത്ഷായുടെ നോമിനിയായി തുഷാർ വെള്ളാപ്പള്ളിയാണ് 100 കോടിവീതം വാഗ്ദാനം ചെയ്ത് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാർത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തി. എംഎൽഎമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫരീദാബാദിലെ ക്ഷേത്രപുരോഹിതനായ സതീഷ് ശർമ, തിരുപ്പതിയിലെ ശ്രീമാനന്ദ രാജപീഠം മഠാധിപതി സിംഹയാജി, ഹൈദരാബാദിലെ ഹോട്ടലുടമ നന്ദകുമാർ എന്നിവരാണ് പണവുമായി പിടിയിലായത്. ഇവർ തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും പുറത്തുവിട്ടു.

എട്ട് ബിജെപി ഇതര സംസ്ഥാനങ്ങളിൽ സമാന ഭരണ അട്ടിമറി നടത്തിയെന്ന് ഏജന്റുമാർ അവകാശപ്പെടുന്നത് പുറത്തുവന്ന സംഭാഷണത്തിൽ വ്യക്തമാണ്. എങ്ങനെയാണ് അത് ആസൂത്രണം ചെയ്തതെന്നും വിവരിക്കുന്നു. നിലവിൽ തെലങ്കാന, ഡൽഹി, ആന്ധ്രപ്രദേശ്, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാനാണ് നീക്കമെന്നും ഇവർ അവകാശപ്പെടുന്നു. മുഴുവൻ അട്ടിമറി ഓപ്പറേഷനുകൾക്കു പിന്നിലും ഇതേ സഖ്യമാണ് പ്രവർത്തിച്ചതെന്നും തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും കെസിആർ ആരോപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/MQEBdu1

Comments

Archive

Contact Form

Send