വൈദ്യുതിമേഖലയുടെ രക്ഷയ്‌ക്ക്‌ 
തലസ്ഥാനത്ത്‌ സംരക്ഷണച്ചങ്ങല


തിരുവനന്തപുരം
വൈദ്യുതിമേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ തലസ്ഥാനത്ത് ജീവനക്കാരും പെൻഷൻകാരും തീർത്ത സംരക്ഷണച്ചങ്ങല മനുഷ്യമതിലായി. വൈദ്യുതിവിതരണമേഖല സ്വകാര്യവൽക്കരിച്ച് വൈദ്യുതിച്ചാർജ് കുത്തനെ ഉയർത്തി പാവപ്പെട്ടവർക്കും കൃഷിക്കാർക്കും ചെറുകിട വ്യവസായികൾക്കും വൈദ്യുതി അപ്രാപ്യമാക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കുക, സബ്സിഡി ക്രോസ് സബ്സിഡി സംരക്ഷിക്കുക, വൈദ്യുതിവിതരണമേഖലയിൽ ഇടപെടാനും നിയമങ്ങൾ നിർമിക്കാനുമുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി. നാഷണൽ കോ-–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് കേരള ഘടകമാണ് തലസ്ഥാനത്ത് പട്ടം വൈദ്യുതിഭവൻമുതൽ രാജ്ഭവൻവരെ വൈദ്യുതിമേഖലാ സംരക്ഷണച്ചങ്ങല സൃഷ്ടിച്ചത്. സംസ്ഥാനത്തെ ആയിരക്കണക്കിനു ജീവനക്കാരും പെൻഷൻകാരും കോൺട്രാക്ടർമാരും തൊഴിലാളികളും ചങ്ങലയിൽ കണ്ണിചേർന്നു.

രാജ്ഭവനു മുന്നിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും ഇഇഎഫ്ഐ ദേശീയ പ്രസിഡന്റുമായ എളമരം കരീം എംപി ആദ്യ കണ്ണിയായി. പട്ടം വൈദ്യുതിഭവനു മുന്നിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷറർ എ എച്ച് സജു അവസാന കണ്ണിയായി. നാലു കിലോമീറ്ററിൽ സംഘടിപ്പിച്ച ചങ്ങലയിൽ ഏഴായിരത്തഞ്ഞൂറിലേറെ പേർ പങ്കെടുത്തു.

തുടർന്ന് രാജ്ഭവന്റെ മുന്നിൽ നടന്ന പൊതുയോഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) പ്രസിഡന്റുമായ കാനം രാജേന്ദ്രൻ അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. എം പി ഗോപകുമാർ ചങ്ങലയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് ഹരിലാൽ, എം ജി സുരേഷ് കുമാർ, ബാലകൃഷ്ണപിള്ള, എം ജി അനന്തകൃഷ്ണൻ, പി ആർ പോൾ, എം ഷാജഹാൻ, കെ സി സിബു, പി എസ് നായിഡു, എസ് സീതിലാൽ, പ്രദീപ് നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/Wd3iM7O

Comments

Archive

Contact Form

Send