പോളിങ് ശതമാനം കുറഞ്ഞു ; ഹിമാചലിൽ ആശങ്ക
ന്യൂഡൽഹി
ഹിമാചൽ പ്രദേശിൽ പോളിങ് ശതമാനം കുറഞ്ഞത് ആർക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പ്രധാന രാഷ്ട്രീയ പാർടികൾ. 74.05 ശതമാനമാണ് ഹിമാചലിലെ പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.6 ശതമാനമായിരുന്നു പോളിങ്. അന്ന് 68ൽ 44 സീറ്റ് നേടി ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. കോൺഗ്രസ് 21 സീറ്റിൽ ഒതുങ്ങിയപ്പോൾ സിപിഐ എം ഒരു സീറ്റിൽ ജയിച്ചു. വോട്ട് ശതമാനത്തിലും കോൺഗ്രസിനും ബിജെപിക്കുമിടയിൽ വലിയ അന്തരം വന്നു. ബിജെപി 48.8 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 41.7 ശതമാനം വോട്ട്. ബിജെപിക്ക് മുൻ തെരഞ്ഞെടുപ്പിനേക്കാൾ പത്ത് ശതമാനത്തോളം വോട്ട് വർധിച്ചപ്പോൾ കോൺഗ്രസിന് 1.11 ശതമാനം വോട്ട് കുറഞ്ഞു.
2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തുല്യമായ പോളിങ്ങാണ് ഇക്കുറിയെന്നും അതുകൊണ്ട് ജയിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. 2012ൽ 73.54 ശതമാനമായിരുന്നു പോളിങ്. 36 സീറ്റ് നേടി കോൺഗ്രസ് അധികാരം പിടിച്ചു. ബിജെപിക്ക് കിട്ടിയത് 26 സീറ്റ്.
എന്നാൽ പോളിങ് ശതമാനത്തിലെ നേരിയ കുറവിൽ കാര്യമൊന്നുമില്ലെന്നാണ് ബിജെപി വാദം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് ബിജെപി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 72.42 ശതമാനം മാത്രമായിരുന്നു പോളിങ്. എന്നാൽ ആകെയുള്ള നാല് സീറ്റും ബിജെപി തൂത്തുവാരി.
ഭരണവിരുദ്ധ വികാരം കാര്യമായി പ്രതിഫലിക്കാത്തതിനാലാണ് പോളിങ് ശതമാനം കുറഞ്ഞതെന്ന വാദവും ബിജെപിക്കുണ്ട്. ജനങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ശക്തമായിരുന്നെങ്കിൽ പോളിങ് കൂടിയേനെയെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/0jRx8zQ
Comments