‘‘മനസ്സാക്ഷിക്ക്‌ ശരിയെന്ന്‌ തോന്നിയത്‌ ഞാൻ ചെയ്തു ‘‘ ; മറന്നിട്ടില്ല ഉമ്മൻചാണ്ടിക്കാലത്തെ 
മനസ്സാക്ഷി നിയമനങ്ങൾ

ആറു വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പിഎസ്സി വഴി മാത്രം നിയമിച്ചത് 1.85 ലക്ഷം പേരെ

തിരുവനന്തപുരം
തിരുവനന്തപുരം മേയറുടെ പേരിൽ വ്യാജക്കത്തുണ്ടാക്കി പ്രചരിപ്പിച്ച് നിയമന അഴിമതിയെക്കുറിച്ച് വീമ്പിളക്കുന്ന യുഡിഎഫ് ഭരണകാലത്ത് നടന്നത് ‘മനസ്സാക്ഷി നിയമനങ്ങൾ’. ഉമ്മൻചാണ്ടി സർക്കാർ അവസാന മാസങ്ങളിൽ നടത്തിയ ‘കടുംവെട്ട്’ നിയമനങ്ങൾ കേരളം മറന്നിട്ടില്ല. യോഗ്യതയോ മാനദണ്ഡമോ നോക്കാതെ ഒറ്റ മന്ത്രിസഭാ തീരുമാനം വഴി 1000 താൽക്കാലികക്കാരെയാണ് അന്ന് സ്ഥിരപ്പെടുത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പറഞ്ഞത് ‘‘മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു’ എന്നാണ്.

സർക്കാർ ജോലി മനസ്സാക്ഷിക്ക് അനുസരിച്ച് നൽകേണ്ട ഒന്നാണെന്ന് തെളിയിച്ച ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയുമായി ഉമ്മൻചാണ്ടി. യുഡിഎഫ് ഘടകകക്ഷികൾ വീതംവച്ചാണ് അസിസ്റ്റന്റ് ഗ്രേഡിലും ലാസ്റ്റ് ഗ്രേഡിലുംവരെ നിയമനം നടത്തിയത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് കിട്ടിയവരെ തള്ളി. പട്ടികയിൽ 1032 സ്ഥാനത്തുള്ള എംഎൽഎയുടെ മകളെ വെയർഹൗസിങ് കോർപറേഷനിൽ അസി. മാനേജരാക്കിയതും കേരളം കണ്ടതാണ്. മരിച്ച ജീവനക്കാരുടെ ബന്ധുക്കൾക്ക് നൽകേണ്ട ജോലിപോലും വിറ്റ് കാശാക്കി കോൺഗ്രസുകാരെ കുത്തിനിറച്ച ചരിത്രവും ഉമ്മൻചാണ്ടി സർക്കാരിന് സ്വന്തം. 2013ൽ പൊതുഭരണവകുപ്പ് പ്രത്യേക ഉത്തരവ് ( ജിഒ 174/12 ) വഴിയാണ് യഥാർഥ ആശ്രിതരെ പടിക്ക് പുറത്തുനിർത്തി 54 സെക്രട്ടറിയറ്റ് അസിസ്റ്റന്റുമാരെയും 495 എൽഡി ക്ലർക്കുമാരെയും യുഡിഎഫ് സർക്കാർ നിയമിച്ചത്. ഇന്ന് വ്യാജ കത്തിന് കൊടുക്കുന്ന പ്രാധാന്യം പോയിട്ട് ഒന്ന് സ്ക്രോൾ ചെയ്യാൻപോലും അന്ന് ചാനലുകൾ തയ്യാറായില്ല.

എന്നാൽ, കഴിഞ്ഞ ആറുവർഷത്തെ എൽഡിഎഫ് ഭരണത്തിനിടെ ഒരു നിയമന അഴിമതിപോലും പുറത്തുകൊണ്ടുവരാൻ യുഡിഎഫിനോ മാധ്യമങ്ങൾക്കോ കഴിഞ്ഞിട്ടില്ല. പിഎസ്സി വഴിമാത്രം 1.85 ലക്ഷം പേരെ നിയമിച്ചു. ഇക്കാലയളവിൽ രാജ്യത്തുതന്നെ തൊഴിൽമേഖലയിൽ കേരളം കുതിച്ചുചാട്ടമുണ്ടാക്കിയെന്നാണ് ദേശീയ സർവേകൾപോലും പറയുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/07CKAyk

Comments

Archive

Contact Form

Send