ഗുജറാത്ത്‌ ബിജെപി സ്ഥാനാർഥി പട്ടികയിൽ മുൻ കോൺഗ്രസുകാരുടെ നിര


ന്യൂഡൽഹി
ഗുജറാത്തിൽ ബിജെപി പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇരുപതോളം മുൻ കോൺഗ്രസുകാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചശേഷം ബിജെപിയിലേക്ക് കൂറുമാറിയവരെല്ലാം പട്ടികയിലുണ്ട്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേലാണ് വിരംഗ്രാമിൽ ബിജെപി സ്ഥാനാർഥി.

മുൻ കോൺഗ്രസ് നേതാവ് അൽപേഷ് ഠാക്കൂറിന്റെ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് ഗുജറാത്തിൽ മുൻ കോൺഗ്രസുകാർക്ക് കൂട്ടത്തോടെ സീറ്റ് നൽകിയത്. ബിജെപിക്കാരായ 38 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളായ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഭൂപേന്ദ്രസിങ് ചുദസാമ, പ്രദീപ് സിങ് ജഡേജ തുടങ്ങിയവർക്കൊന്നും സീറ്റില്ല. ഡൽഹിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനിടെതന്നെ തങ്ങൾ ഇക്കുറി മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കളെക്കൊണ്ട് നിർബന്ധപൂർവം പറയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎ മോഹൻ രത്വയുടെ മകൻ രാജേന്ദ്രസിങ് രത്വയ്ക്ക് സീറ്റ് നൽകി. അടുത്തിടെ ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാരായ ഭഗ്വാൻ ബരാഡ്, ഹർഷദ് റിബാദിയ, അശ്വിൻ കോട്വാൾ എന്നിവർക്കും സീറ്റുണ്ട്.
ഏറ്റവും ഒടുവിൽ ബിജെപിയിൽ എത്തിയ കോൺഗ്രസ് എംഎൽഎയായ ഭവേഷ് കടാര ആദ്യ പട്ടികയിലില്ല. എന്നാൽ, ഇദ്ദേഹത്തിന്റെ മണ്ഡലമായ ജലോഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിൽനിന്ന് കൂറുമാറി എത്തി മന്ത്രിമാരായ കൻവർജി ബവാലിയ, ജിതു ചൗധുരി എന്നിവർക്ക് സീറ്റുണ്ട്. കൂറുമാറി ബിജെപിക്കാരായ ജവഹർ ചാവ്ഡ, അക്ഷയ് പട്ടേൽ, ജെ കെ കക്കാദിയ, പ്രത്യുമ്ന സിങ് ജഡേജ എന്നിവർക്കും സീറ്റുണ്ട്.

ഒരു കോൺഗ്രസ് എംഎൽഎകൂടി ബിജെപിയിൽ
ഗുജറാത്തിൽ ബിജെപിയിലേക്കുള്ള കോൺഗ്രസ് എംഎൽഎമാരുടെ ഒഴുക്ക് തുടരുന്നു. ജലോഡ് എംഎൽഎയും എസ്ടി വിഭാഗത്തിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായ ഭവേഷ് കടാരയും ബിജെപിയിൽ ചേർന്നു. ജലോഡിൽ ഭവേഷിനെമാറ്റി പകരം മിതേഷ് ഗരസിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഇതോടെ 182 അംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം 59 ആയി ചുരുങ്ങി. 2017 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 77 സീറ്റ് നേടിയിരുന്നു. ഇരുപതിലേറെ കോൺഗ്രസ് എംഎൽഎമാരാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബിജെപിയിൽ എത്തിയത്.

ക്രിക്കറ്റ് താരം ജഡേജയുടെ 
ഭാര്യ ബിജെപി സ്ഥാനാർഥി
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഗുജറാത്തിൽ ബിജെപി സ്ഥാനാർഥി. മെക്കാനിക്കൽ എൻജിനിയറായ റിവാബ ജാംനഗർ നോർത്തിലാണ് മത്സരിക്കുക. സിറ്റിങ് എംഎൽഎ ധർമേന്ദ്ര സിങ് ജഡേജയെ ഒഴിവാക്കി. ഭാര്യക്ക് സീറ്റ് നൽകിയതിൽ ജഡേജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു. കോൺഗ്രസ് നേതാവായിരുന്ന ഹരിസിങ് സോളങ്കിയുടെ ബന്ധുവാണ് രാജകുടുംബാംഗമായ റിവാബ. റിവാബയുടെ സ്ഥാനാർഥിത്വത്തിലൂടെ രാജ്പുത് വോട്ടുകളാണ് ബിജെപി ലക്ഷ്യം.



Credits National || Deshabhimani ​Online ​News https://ift.tt/ZdMk5GK

Comments

Archive

Contact Form

Send