സംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തിന് ഇന്ന് തിരിതെളിയും ; മത്സരങ്ങൾ ആറ് വേദികളിൽ
കൊച്ചി
ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന ചിന്തകളും കണ്ടുപിടിത്തങ്ങളുമായി കൗമാരപ്രതിഭകളുടെ മഹാസംഗമത്തിന് വ്യാഴാഴ്ച എറണാകുളത്ത് തുടക്കമാകും. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം രാവിലെ 10.30ന് എറണാകുളം ടൗൺഹാളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും.
വ്യാഴം രാവിലെ ഒമ്പതിന് എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലകളിൽനിന്നായി ഒന്നും രണ്ടും സ്ഥാനം നേടിയ അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി, ഗണിതശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തേവര സേക്രട്ട് ഹാർട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആർവി എച്ച്എസ്എസ്, എറണാകുളം ദാറുൽ ഉലൂം എച്ച്എസ്എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ്, എറണാകുളം സെന്റ് ആൽബർട്സ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വേദികൾ.
സെന്റ് ആൽബർട്സ് എച്ച്എസ്എസ് ആണ് ശാസ്ത്രമേളയ്ക്ക് വേദിയാകുന്നത്. സെന്റ് ആന്റണീസ് സ്കൂൾ ഗണിതശാസ്ത്രമേളയ്ക്കും ദാറുൽ ഉലൂം എച്ച്എസ്എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും വേദിയാകും. ഐടി മേള ഗവ. ഗേൾസ് എച്ച്എസ്എസിലാണ്. തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിലാണ് പ്രവൃത്തിപരിചയമേള. എറണാകുളം എസ്ആർവി എച്ച്എസ്എസ് വൊക്കേഷണൽ എക്സ്പോ, കരിയർ സെമിനാർ, തൊഴിൽമേള എന്നിവയ്ക്ക് വേദിയാകും.ശനി വൈകിട്ട് 4.30ന് സമാപനസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു സമ്മാനദാനം നടത്തും.

Credits Kerala || Deshabhimani Online News https://ift.tt/Hwobu0L
Comments