സുധാകരന്റെ രാജിവിവാദത്തിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌ ; ആശയക്കുഴപ്പത്തിൽ ഹൈക്കമാൻഡ്‌


ന്യൂഡൽഹി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ രാജിവാർത്താ വിവാദത്തിൽ ഉലഞ്ഞ് കോൺഗ്രസ്. രാജിക്കത്ത് വൻ വിവാദമായതിനെത്തുടർന്ന് കത്തയച്ചിട്ടില്ലെന്ന നിഷേധക്കുറിപ്പുമായി സുധാകരൻ രംഗത്തെത്തിയെങ്കിലും രാജി സന്നദ്ധതയും വി ഡി സതീശനെതിരായ വിമർശവും തള്ളിയില്ല.

സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ചാണ് സുധാകരൻ രാജി സന്നദ്ധത അറിയിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ആർഎസ്എസ് അനുകൂല നാക്കുപിഴയുടെ പേരിൽ കെ മുരളീധരൻ അടക്കം ഉയർത്തിയ വിമർശത്തോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. രാജിവാർത്ത വിവാദമായ ഉടൻ സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തലയും എ ഗ്രൂപ്പും രംഗത്തെത്തി. ഇത് കോൺഗ്രസിലെ പുതിയ ഗ്രൂപ്പുപോരിന് ആക്കം കൂട്ടി. എന്നാൽ, രാജിഭീഷണി വിമർശങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് കോൺഗ്രസിലെ സതീശൻ അനുകൂലികൾ വിശ്വസിക്കുന്നു.

സുധാകരന്റെ തുടർച്ചയായുള്ള ആർഎസ്എസ് അനുകൂല പ്രസ്താവനകൾക്കെതിരെ കോൺഗ്രസിൽ ഒരു വിഭാഗവും ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും രംഗത്തുവന്നിരുന്നു. സുധാകരനെ നീക്കണമെന്ന് ഹൈക്കമാൻഡിന് പരാതികളും പോയി. ഇതോടെയാണ് രാജിഭീഷണിയെന്ന അറ്റകൈ പ്രയോഗം.

സുധാകരന്റെ രാജിഭീഷണി ഹൈക്കമാൻഡിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ലീഗിന്റെ സമ്മർദം കാരണം സുധാകരൻ തെറിച്ചെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് ഒരു വിഭാഗം താൽപ്പര്യപ്പെടുന്നില്ല. സംഘപരിവാർ ഇത് മുതലെടുക്കുമെന്ന് അവർ ഭയക്കുന്നു. സുധാകരനെ തൽക്കാലം അനുനയിപ്പിച്ച് കൂടെ നിർത്താനാണ് നീക്കം.

സുധാകരന്റെ നെഹ്റുവിരുദ്ധ പരാമർശത്തിൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ സുധാകരനോട് വിശദീകരണം തേടിയിരുന്നു. നാക്കുപിഴയെന്ന വിശദീകരണത്തോടെ സുധാകരൻ ഖേദപ്രകടനം നടത്തി. ഇത് കണക്കിലെടുത്ത് വിഷയം അവസാനിപ്പിക്കാമെന്ന നിലപാടാണ് വേണുഗോപാൽ അടക്കമുള്ളവർക്ക്.

അതേസമയം, സുധാകരന്റെ നെഹ്റു വിമർശവും ആർഎസ്എസ് പ്രീണനവും ദേശീയതലത്തിൽ കോൺഗ്രസിന് നാണക്കേടായി. രാഹുൽ ഗാന്ധി ആർഎസ്എസിനെതിരായി ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ കെപിസിസി പ്രസിഡന്റ് ആർഎസ്എസിനെ സ്തുതിച്ചെന്നാണ് ദേശീയ മാധ്യമങ്ങളിലെ തലക്കെട്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/jwrXbR1

Comments

Archive

Contact Form

Send