‘ഭരണത്തില്‍ കോടതി കൈകടത്തരുത് , ജഡ്‌ജിമാർ വിമർശങ്ങൾ വിളിച്ചുവരുത്തരുത് ’ : സുപ്രീംകോടതിയെ 
കടന്നാക്രമിച്ച് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു


ന്യൂഡൽഹി
സുപ്രീംകോടതിയെ കടന്നാക്രമിക്കാന് പുതിയ പോർമുഖം തുറന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാജ്യം ഭരിക്കാനുള്ള ചുമതല ജനപ്രതിനിധികൾക്ക് വിട്ടുകൊടുക്കണമെന്നും നീതിന്യായ സംവിധാനം അതിൽ കൈകടത്തേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുംബൈയിൽ ഇന്ത്യാടുഡേ കോൺക്ലേവിലാണ് നിയമമന്ത്രിയുടെ അഭിപ്രായപ്രകടനം. ‘ജനപ്രതിനിധികളാണോ ജുഡീഷ്യറിയാണോ രാജ്യം ഭരിക്കേണ്ടത്? സർക്കാർ കാര്യങ്ങളിൽ കോടതികൾ കൈകടത്തിയാൽ അവർ കടക്കാൻ പാടില്ലാത്ത സ്ഥലങ്ങളിലേക്ക് കടക്കുകയാണെന്ന് പറയേണ്ടിവരും. ജഡ്ജിമാർ അവരുടെ വിധികളിലൂടെയാണ് സംസാരിക്കേണ്ടത്. അല്ലാതെയുള്ള നിരീക്ഷണങ്ങൾക്ക് പ്രസക്തിയില്ല. അനാവശ്യ നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തി ജഡ്ജിമാർ വിമർശങ്ങൾ വിളിച്ചുവരുത്തരുത്’–- നിയമമന്ത്രി സുപ്രീംകോടതിക്കും ജഡ്ജിമാർക്കും മുന്നറിയിപ്പ് നൽകി.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന വിമർശവും ആവർത്തിച്ചു. കൊളീജിയത്തിന് സുതാര്യതയില്ലാതിരുന്നിട്ടും സഹകരിക്കേണ്ടിവരുന്നത് ബദൽ സംവിധാനം ഇല്ലാത്തതുകൊണ്ടാണ്. ബദലായ എൻജെഎസി സംവിധാനം സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കി. അതിനുശേഷം സർക്കാർ ഈ വഴിക്ക് ആലോചിക്കാത്തത് കോടതിയെ ബഹുമാനിക്കുന്നതുകൊണ്ടാണ്. എന്നാൽ, എപ്പോഴും മൗനം പുലർത്തുമെന്ന ധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിലും റിജിജു അതൃപ്തി രേഖപ്പെടുത്തി. പഴയ ചില നിയമങ്ങളുടെ പ്രസക്തി പുനഃപരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടും കോടതി തിടുക്കത്തിൽ 124എ വകുപ്പ് പ്രയോഗിക്കുന്നത് വിലക്കുകയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Credits National || Deshabhimani ​Online ​News https://ift.tt/3OwG5kj

Comments

Archive

Contact Form

Send