ബിജെപിയിലും എഎപിയിലും കൊഴിഞ്ഞുപോക്ക് ; എഐസിസി സെക്രട്ടറി ബിജെപിയിൽ


ന്യൂഡൽഹി
ഗുജറാത്തിൽ ബിജെപിയിൽനിന്നും എഎപിയിൽനിന്നും മുതിർന്ന നേതാക്കളുടെ രാജി. മാധ്യമപ്രവർത്തകനായിരുന്ന ഇസുദൻ ഗാഡ്വിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ ഇന്ദ്രാണിൽ രാജ്യഗുരുവാണ് എഎപി വിട്ടത്. കേശുഭായ് പട്ടേൽ, മോദി മന്ത്രിസഭകളിൽ അംഗമായിരുന്ന ജയ്നാരായൺ വ്യാസ് ആണ് ബിജെപി വിട്ടത്. ഇന്ദ്രാണിൽ കോൺഗ്രസിൽ ചേർന്നപ്പോൾ വ്യാസ് ഏത് പാർടിയിലേക്കെന്ന് വ്യക്തമായിട്ടില്ല. സീറ്റ് ലഭിച്ചാൽ കോൺഗ്രസിലോ എഎപിയിലോ ചേരാൻ ഒരുക്കമെന്നാണ് വ്യാസിന്റെ നിലപാട്.
രാജ്കോട്ടിൽനിന്ന് പലവട്ടം കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചിട്ടുള്ള രാജ്യഗുരു ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്.

ഗുജറാത്തിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗമായിരുന്നു. എഎപിയുടെ ദേശീയ സെക്രട്ടറിയായി നിയമിതനായി. രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹിയിൽ എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസിൽ ചേർന്നു. ബിജെപി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജയ്നാരായൺ വ്യാസ് പാർടി വിട്ടത്. മുംബൈ ഐഐടിയിലെ പഠനശേഷം ബിജെപിയിൽ ചേർന്ന വ്യാസ് മോദി സർക്കാരിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇക്കുറി സീറ്റ് നിഷേധിക്കപ്പെടുമെന്ന സൂചനകളെ തുടർന്നാണ് ബിജെപി വിട്ടത്.

എഐസിസി സെക്രട്ടറി ബിജെപിയിൽ
ഗുജറാത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ ഹിമാൻശു വ്യാസ് ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്തെത്തിയ വ്യാസിനെ അമിത് ഷായും ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആർ പാട്ടീലും ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് ദേശീയതലത്തിൽ നിർജീവമായെന്നും കൂടുതൽ സജീവമായ ഒരു പാർടിയിൽ പ്രവർത്തിക്കാൻ താൽപ്പര്യപ്പെട്ടാണ് രാജിയെന്നും വ്യാസ് മാധ്യമങ്ങളോട് പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തുമെന്നും വ്യാസ് അവകാശപ്പെട്ടു. ഹൈക്കമാൻഡ് ‘ഓപ്പറേറ്റർമാരായ’ ഒരു വിഭാഗം നേതാക്കളുടെ വലയത്തിലാണ്. ഹൈക്കമാൻഡിനെ മറ്റാരും സമീപിക്കുന്നത് അവർ താൽപ്പര്യപ്പെടുന്നില്ല. കുറെനാളായി താൻ അസ്വസ്ഥനാണ്. ഹൈക്കമാൻഡിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടമായി. സീറ്റ് മോഹിച്ചല്ല ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമല്ല–- വ്യാസ് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/NBcSoj4

Comments

Archive

Contact Form

Send