കൊച്ചിൻ അമ്മിണി അരങ്ങൊഴിഞ്ഞു
കൊല്ലം
നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമായ കൊച്ചിൻ അമ്മിണി (85) അന്തരിച്ചു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കൾ പകൽ 11ന് കൊല്ലം തുയ്യം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. കൊച്ചിയിൽ നിന്നെത്തി കൊല്ലത്തിന്റെ നാടകമുഖമായി മാറിയ അമ്മിണി കൊല്ലം ഐശ്വര്യ, ദൃശ്യവേദി, അനശ്വര, യവന തുടങ്ങിയ സംഘങ്ങളിലൂടെ പ്രിയങ്കരിയായി. കലാനിലയം സ്ഥിരംനാടക വേദിയിലും കെപിഎസിയിലും അഭിനയിച്ചു. ദേശാഭിമാനി തിയറ്റേഴ്സിന്റെ ഇ എം എസ് നാടകത്തിൽ അമ്മയായി വേഷമിട്ടത് അമ്മിണിയായിരുന്നു.
ആദ്യമായി ഇണപ്രാവുകൾ സിനിമയിൽ നടി ശാരദയ്ക്ക് ശബ്ദം നൽകി. കണ്ടംബെച്ച കോട്ടിൽ ബഹദൂറിന്റെ നായികയായി. തോക്കുകൾ കഥപറയുന്നു, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക, വാഴ്വേമായം, അഞ്ച് സുന്ദരികൾ, കണ്ണൂർ ഡീലക്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കൊച്ചി തോപ്പുംപടിയിലെ കൊച്ചുവീട്ടിലായിരുന്നു ജനനം. ഗായകൻ യേശുദാസിന്റെ അടുത്ത ബന്ധുവാണ്. സിനിമയിലും നാടകങ്ങളിലും നിരവധി പാട്ടുകൾ പാടി. സംഗീതനാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്കാരം നേടി. ഭർത്താവ് പരേതനായ ജോൺ ക്രൂസ്. മകൾ എയ്ഞ്ചൽ റാണിയും മരുമകൻ സുജയ് കക്കോലിയും ഗൾഫിലാണ്. വർഷങ്ങളായി രാമൻകുളങ്ങര മുതിരപ്പറമ്പിൽ വാടകയ്ക്കായിരുന്നു താമസം.
Credits Kerala || Deshabhimani Online News https://ift.tt/UuRmFsp
Comments