ലോക നെറുകയിൽ കേരള ടൂറിസം ; ‘വാട്ടർ സ്ട്രീറ്റ്’ പദ്ധതിക്ക് അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം പുരസ്കാരം
തിരുവനന്തപുരം
ടൂറിസം കേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച ‘വാട്ടർ സ്ട്രീറ്റ്’ പദ്ധതിക്ക് അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം പുരസ്കാരം. സാമൂഹ്യ വികസനം ലക്ഷ്യമിട്ടുള്ള ജലസംരക്ഷണ പ്രവർത്തനത്തിലെ മാതൃകാ പ്രവർത്തനത്തിനാണ് അവാർഡ്. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരമേറ്റുവാങ്ങി.
കനാലുകളും വിവിധ ജലാശയങ്ങളും ആഴംകൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ‘വാട്ടർ സ്ട്രീറ്റ്’. ‘വാട്ടർ സ്ട്രീറ്റ്’ ആശയവും ജനകീയ മുന്നേറ്റവും മാതൃകാപരമാണെന്നും ജനകീയമായി നടപ്പാക്കുന്നതായും ജൂറി വിലയിരുത്തി. പദ്ധതി നടപ്പാക്കിയ കോട്ടയം മറവൻതുരുത്തിലെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നും ജൂറി എടുത്തുപറഞ്ഞു. ജലസംരക്ഷണം, ജലലഭ്യത മെച്ചപ്പെടുത്തൽ ഘടകങ്ങളാണ് പുരസ്കാരത്തിന് കാരണമായത്. ജലാശയ സംരക്ഷണത്തിന് കയർ ഭൂവസ്ത്രം വിരിച്ചു. കയാക്കിങ് ഉൾപ്പെടെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ചു. ഓരോ പ്രദേശത്തും ജനകീയമായി ടൂറിസം ഡെസ്റ്റിനേഷൻ രൂപപ്പെടുത്തുകയാണ് സ്ട്രീറ്റ്.
കടലുണ്ടി, തൃത്താല, പട്ടിത്തറ, വലിയപറമ്പ, പിണറായി, അഞ്ചരക്കണ്ടി, കാന്തല്ലൂർ, മാഞ്ചിറ, ചേകാടി എന്നിവിടങ്ങളിലും പദ്ധതി പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തിനും അനുസൃതമായി വിവിധ അനുഭവവേദ്യ വിനോദസഞ്ചാര തെരുവുകൾ രൂപപ്പെടുത്തും. ഉത്തരവാദിത്വ ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
കോവിഡാനന്തരമുള്ള കേരള ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തിന്റെ കുതിപ്പിന് ഇത് സഹായകരമാകും. ഉത്തരവാദിത്വ ടൂറിസത്തിനെ കേരള ടൂറിസത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഡയറക്ടർ പി ബി നൂഹ്, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ–- ഓർഡിനേറ്റർ കെ രൂപേഷ് കുമാർ എന്നിവരും പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/UZ0aj8o
Comments