ഗിനിയിൽ തടവിലായവരെ ചോദ്യം ചെയ്‌തു ; ഇന്ത്യയുടെ ഇടപെടൽ പ്രസ്താവനയിൽ മാത്രം
കൊച്ചി
ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായ കപ്പൽജീവനക്കാരെ നൈജീരിയൻ നാവികസേന ചോദ്യംചെയ്തു. കപ്പലിൽ പരിശോധന നടത്തി. ഇവരുടെ ഫോൺ നൈജീരിയൻ സേന പിടിച്ചെടുത്തു. കപ്പലിലുള്ളവരുമായി ആശയവിനിമയം നിലച്ചതായി ബന്ധുക്കൾ പറഞ്ഞു. അന്വേഷണത്തിനെന്നപേരിൽ രണ്ടുദിവസത്തേക്ക് എല്ലാ ജീവനക്കാരോടും കപ്പലിൽ അവർ മുമ്പ് ചെയ്തിരുന്ന ജോലി ചെയ്യാൻ സേന നിർദേശിച്ചിരുന്നു.
നൈജീരിയയിലെ ഇന്ത്യൻ എംബസിയിൽനിന്നും ആരും എത്താത്തത് കപ്പൽ ജീവനക്കാരെ കടുത്ത ആശങ്കയിലാക്കി. മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള 10 പേരുമാണ് കപ്പലിലുള്ളത്. വെള്ളിയാഴ്ചയാണ് ഇക്വറ്റോറിയൽ ഗിനി ഇവരെ നൈജീരിയക്ക് കൈമാറിയത്. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഗിനി ആഗസ്ത് ഒമ്പതിനാണ് കപ്പൽ പിടിച്ചെടുത്തത്..
ഇന്ത്യയുടെ ഇടപെടൽ പ്രസ്താവനയിൽ മാത്രം
കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ശക്തമായ ഇടപെടൽ നടത്തുമ്പോൾ ഇന്ത്യയുടെ ഇടപെടൽ വെറും പേരിനുമാത്രം. ആകെ 26 പേരിൽ ശ്രീലങ്ക, പോളണ്ട്, ഫിലിപ്പീൻസ് സ്വദേശികളായ 10 പേരാണ് കപ്പലിലുള്ളത്. 16 പേർ ഇന്ത്യക്കാരാണ്. ഇന്ത്യ കാര്യമായ നയതന്ത്ര ഇടപെടൽ നടത്തുന്നില്ലെന്നതാണ് കപ്പലിൽ ഉള്ളവരുടെയും അവരുടെ ബന്ധുക്കളുടെയും പരാതി. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന മാത്രമാണ് നടക്കുന്നത്. മറ്റു രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ നടത്തുന്നത് നയതന്ത്ര ഇടപെടലാണ്. ഇതു ഫലം കണ്ടാൽ അതിന്റെ ഗുണം തങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കപ്പലിലുള്ള ഇന്ത്യക്കാർ
Credits Kerala || Deshabhimani Online News https://ift.tt/U8AMpQZ
Comments