സംവരണത്തിന് സമയപരിധി വേണം: സുപ്രധാന നിരീക്ഷണവുമായി ജഡ്‌ജിമാര്‍

ന്യൂഡൽഹി> സംവരണത്തിന് നിശ്ചിത സമയപരിധി ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം (ഇഡബ്ലിയുഎസ്) ശരിവച്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച രണ്ടു ജഡ്ജിമാരുടെതാണ് നിരീക്ഷണം. സ്വാതന്ത്ര്യംലഭിച്ച് 75 വർഷം പിന്നിട്ട സാഹചര്യത്തിൽ സംവരണനയത്തിൽ പുനഃപരിശോധന ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ബേലാ എം ത്രിവേദി നിരീക്ഷിച്ചു.

സംവരണത്തിന് സമയപരിധി ഏർപ്പെടുത്തണമെന്ന ഭരണഘടനാശിൽപ്പികളുടെയും ഭരണഘടനാബെഞ്ചിന്റെയും ആവശ്യം യാഥാർഥ്യമാക്കാനായിട്ടില്ല. എസ്സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾ നേരിട്ടിരുന്ന അനീതികളാണ് സംവരണത്തിനു കാരണമായത്. നിലവിലെ സാഹചര്യത്തിൽ സംവരണനയത്തിലും സംവിധാനത്തിലും മാറ്റം ആവശ്യമുണ്ട്. പാർലമെന്റിലും നിയമസഭകളിലും സംവരണത്തിന് സമയപരിധി ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ 2030 വരെയാണ് ആ സമയപരിധി. 104–-ാംഭരണഘടനാഭേദഗതിയിലൂടെ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് പാർലമെന്റിലും നിയമസഭയിലും ഏർപ്പെടുത്തിയ സംവരണം നിർത്തലാക്കി. സമാനരീതിയിൽ എസ്സി, എസ്ടി, പിന്നാക്കവിഭാഗ സംവരണത്തിനും സമയപരിധി ഏർപ്പെടുത്തിയാൽ അത് ജാതി, വർഗ സമൂഹം ഇല്ലാതാകാനും സമത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹം ഉണ്ടാകാനും സഹായകമാകും–- ജസ്റ്റിസ് ബേലാ എം ത്രിവേദി പറഞ്ഞു.

പിന്നാക്ക വിഭാഗത്തെ നിശ്ചയിക്കുന്ന രീതി മാറ്റണം

അനിശ്ചിതകാലത്തേക്ക് നീട്ടി സംവരണത്തെ നിക്ഷിപ്ത താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള മാർഗമാക്കുന്നതു ശരിയല്ലെന്ന് ജസ്റ്റിസ് ജെ ബി പർധിവാല അഭിപ്രായപ്പെട്ടു. നിരന്തര വികസനപദ്ധതികളിലൂടെയും വിദ്യാഭ്യാസ വ്യാപനത്തിലൂടെയും വർഗവ്യത്യാസങ്ങൾ വലിയ അളവിൽ പരിഹരിച്ചു. തൊഴിൽപരമായും വിദ്യാഭ്യാസപരമായും അത്യാവശ്യനേട്ടങ്ങൾ കൈവരിച്ച വിഭാഗങ്ങളെ ഒഴിവാക്കുന്നതിലൂടെ, അടിയന്തര പരിഗണന ആവശ്യമുള്ള മറ്റ് വിഭാഗങ്ങളെ പിന്നാക്കവർഗപട്ടികയിൽ ഉൾപ്പെടുത്താനാകും. പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള നടപടിക്രമങ്ങളിലും കാലാനുസൃത മാറ്റം കൊണ്ടുവരണം’’–- ജസ്റ്റിസ് ജെ ബി പർധിവാല ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേലാ എം ത്രിവേദി, 
ജെ ബി പർധിവാല

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേലാ എം ത്രിവേദി, 
ജെ ബി പർധിവാല

ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച 3 ജഡ്ജിമാർ പറഞ്ഞത്

ജസ്റ്റിസ് ദിനേശ് മഹേശ്വരി
‘സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ’ വെറുമൊരു പ്രയോഗം മാത്രമല്ല; കടുത്ത യാഥാർഥ്യമാണ്. നേരത്തെ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ഇഡബ്ലിയുഎസിൽനിന്ന് ഒഴിവാക്കിയതിൽ തെറ്റില്ല. 103–-ാം ഭരണഘടനാഭേദഗതിക്കു മുമ്പാണ് സംവരണത്തിന് 50 ശതമാനം പരിധി ഏർപ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, കാലാനുസൃതമായി സഹായങ്ങൾ ആവശ്യമുള്ള ഏതെങ്കിലും വിഭാഗത്തിന് സംവരണം അനുവദിക്കാൻ ആ ഉത്തരവ് തടസ്സമല്ല.

ജസ്റ്റിസ് ബേലാ എം ത്രിവേദി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രത്യേക വിഭാഗമായി കണക്കാക്കുന്നത് യുക്തിസഹമാണ്. എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർ ഭരണഘടനയുടെ 15(4), 15(5), 16(4) അനുച്ഛേദങ്ങൾ അനുസരിച്ച് പ്രത്യേക വിഭാഗങ്ങളാണ്. അതിനാൽ, അവരെ ഇഡബ്ലിയുഎസായി കണക്കാക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ല.

ജസ്റ്റിസ് ജെ ബി പർധിവാല

സാമൂഹ്യ, സാമ്പത്തികനീതി ഉറപ്പാക്കണമെങ്കിൽ എല്ലാതരം സാമ്പത്തിക അസമത്വങ്ങളും പൂർണമായും പരിഹരിക്കപ്പെടണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഒരു വിഭാഗമായി കണക്കാക്കാൻ പറ്റില്ലെന്നും അവർ ദുർബല വ്യക്തികൾ മാത്രമാണെന്ന വാദവും നിലനിൽക്കില്ല. ഭരണഘടനയിലെ 46–-ാം അനുച്ഛേദത്തിലെ ‘അവശവിഭാഗങ്ങൾ’ എന്ന പ്രയോഗം എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ മാത്രമല്ല ഉൾക്കൊള്ളുന്നത്.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്രഭട്ട്

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്രഭട്ട്

വിയോജിച്ചവരുടെ നിരീക്ഷണങ്ങൾ

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്രഭട്ട്

സാമ്പത്തികമാനദണ്ഡം ഉപയോഗിച്ചുള്ള സംവരണം അനുവദനീയം. എന്നാൽ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ അതിൽനിന്ന് ഒഴിവാക്കിയത് അംഗീകരിക്കില്ല. ഏത് സമുദായമാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെങ്കിൽ സംവരണം അനുവദിക്കണം. ‘തുല്യഅവകാശം’ എന്ന സങ്കൽപ്പത്തിന് വിരുദ്ധമായ രീതിയിൽ സംവരണം നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധം. രാജ്യത്തെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരില് ഭൂരിഭാഗവും എസ്സി, എസ്ടി, പിന്നോക്കവിഭാഗമാണ്. ഇഡബ്ലിയുഎസിന് ആധാരമായ 2010 ജൂലൈയിൽ പുറത്തിറക്കിയ സിൻഹോ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്ത് 31. 7 കോടി ജനങ്ങളാണ് ദാരിദ്രരേഖയ്ക്ക് താഴെയുള്ളത്. ഇതിൽ എസ്സി–-7.74 കോടി, എസ്ടി–-4.25 കോടി, ഒബിസി–-13.86 കോടി, ജനറൽ–-5.5 കോടി. ഈ കണക്കുകളിൽ നിന്ന് തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ അധികവും എസ്സി, എസ്ടി, പിന്നാക്കവിഭാഗമാണെന്ന് വ്യക്തം



Credits National || Deshabhimani ​Online ​News https://ift.tt/1H80sGa

Comments

Archive

Contact Form

Send