ഹിമാചൽ തെരഞ്ഞെടുപ്പ് : തൂക്കുസഭയെന്ന്‌ സർവേ , പരസ്യപ്രചാരണം ഇന്ന്‌ സമാപിക്കും


ന്യൂഡൽഹി
ഹിമാചൽ പ്രദേശിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്ന് സർവേ റിപ്പോർട്ടുകൾ. എബിപി ന്യൂസ്–- സീവോട്ടർ അഭിപ്രായ സർവേ പ്രകാരം 68 അംഗ നിയമസഭയിൽ ബിജെപിക്ക് 31 മുതൽ 39വരെ സീറ്റ് ലഭിക്കാം. കോൺഗ്രസിന് 29–-37, മറ്റ് പാർടികൾക്ക് മൂന്ന്, എഎപിക്ക് ഒരു സീറ്റുമാണ് സർവേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 35 സീറ്റാണ് വേണ്ടത്.

ഒക്ടോബർ ആദ്യ ആഴ്ചയും രണ്ടാം ആഴ്ചയും നടത്തിയ സർവേയിൽ ബിജെപി ഏറെ മുന്നിലായിരുന്നു. ആദ്യത്തേതിൽ 37–-45 സീറ്റും രണ്ടാമത്തേതിൽ 38–-46 സീറ്റുമാണ് ബിജെപിക്ക് പ്രവചിച്ചിരുന്നത്. കോൺഗ്രസിന് 21–-29 സീറ്റും 20–-28 സീറ്റുമാണ് സർവേ നൽകിയത്. ഏറ്റവും ഒടുവിലത്തേതിൽ വോട്ടുനിലയിലും ഇരുപാർടികളും ഒപ്പത്തിനൊപ്പമാണ്. കോൺഗ്രസിന് 44.2 ശതമാനവും ബിജെപിക്ക് 44.8 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്. എഎപി അടക്കമുള്ള മറ്റ് പാർടികൾക്കെല്ലാമായി 11 ശതമാനം വോട്ടുണ്ടാകും.

പരസ്യപ്രചാരണം ഇന്ന് സമാപിക്കും
തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം വ്യാഴാഴ്ച സമാപിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി പ്രധാന രാഷ്ട്രീയ പാർടികളുടെ മുതിർന്ന നേതാക്കളെല്ലാം ഹിമാചലിൽ പ്രചാരണത്തിന് എത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സോളനിൽ ഒരു റോഡ്ഷോ നടത്തി മടങ്ങി. ഗുജറാത്തിലാണ് ആംആദ്മി പാർടി ശ്രദ്ധ കേന്ദ്രീകരിച്ചത്.

ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നതിനാൽ പ്രധാനമന്ത്രിയെ പരമാവധി റാലികളിൽ പങ്കെടുപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ബുധനാഴ്ച ചമ്പി, കാങ്ട, സുജൻപുർ എന്നിവിടങ്ങളിൽ മോദി സംസാരിച്ചു. സംസ്ഥാനത്ത് ഭരണം മാറിവരുന്ന കീഴ്വഴക്കം അവസാനിപ്പിച്ച് കോൺഗ്രസിനെ വീണ്ടും തോൽപ്പിക്കണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദിക്ക് ഒരു വികസനപ്രവർത്തനവും ചെയ്യാനാകില്ല.

കോൺഗ്രസ് ഒരിക്കൽ അധികാരത്തിൽനിന്ന് പുറത്തുപോയാൽ പിന്നെ അവർക്ക് തിരിച്ചുവരവ് എളുപ്പമല്ല–- മോദി പറഞ്ഞു. മല്ലികാർജുൻ ഖാർഗെ ഷിംല, നളാഗഢ് എന്നിവിടങ്ങളിൽ റാലിയിൽ പങ്കെടുത്തു. ഹിമാചലിൽ വികസനം കൊണ്ടുവന്നത് കോൺഗ്രസാണ്. അഞ്ചുവർഷമായി ബിജെപി എന്തു വികസനമാണ് കൊണ്ടുവന്നതെന്നും- ഖാർഗെ ചോദിച്ചു.

തൂക്കുസഭയെങ്കിൽ ബിജെപി 
ഇതര പാർടിക്ക് പിന്തുണ : സീതാറാം യെച്ചൂരി
ഹിമാചലിൽ തൂക്കുസഭയാണ് വരുന്നതെങ്കിൽ ബിജെപി ഇതര പാർടിക്ക് പിന്തുണ നൽകുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ജനകീയ വിഷയങ്ങളുയർത്താൻ ഹിമാചൽ നിയമസഭയിൽ സിപിഐ എം അംഗങ്ങൾ ആവശ്യമാണ്–- യെച്ചൂരി പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/xtvwE1c

Comments

Archive

Contact Form

Send