വിഴിഞ്ഞം തുറമുഖത്തെ 400 മീറ്റർ ബർത്ത് ഉടൻ പൂർത്തിയാക്കും , പ്രദേശവാസികൾക്ക് തൊഴിൽ പരിശീലനം
തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖത്തെ 400 മീറ്റർ ബർത്ത് അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശിച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ അറിയിച്ചു. ബാർജുകളും ക്രെയിനുകളും അടിയന്തരമായി എത്തിക്കും. ഈ രീതിയിൽ മുന്നോട്ടുപോയാൽ നഷ്ടപ്പെട്ട തൊഴിൽദിനങ്ങൾ തിരിച്ചുപിടിക്കാം. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, ടൂറിസം രംഗങ്ങളിൽ അമ്പരപ്പിക്കുന്ന പുരോഗതി തുറമുഖം സൃഷ്ടിക്കും.
നിർമാണഘട്ടത്തിലെ തൊഴിലുകളിൽ ഭൂരിഭാഗവും പ്രദേശവാസികൾക്കാണ്. കമീഷൻ ചെയ്തശേഷമുള്ള തൊഴിലുകളിലും പ്രദേശത്തുള്ളവർക്ക് പ്രാതിനിധ്യം നൽകും. ഇതിന് സാങ്കേതിക പ്രാവീണ്യം നൽകാൻ 50 കോടി ചെലവിൽ അസാപ് തൊഴിൽ പരിശീലനകേന്ദ്രം സ്ഥാപിക്കും. ലോജിസ്റ്റിക്സ് പാർക്ക് സ്ഥാപിക്കാനും നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ 1000 പേർക്കും പിന്നീട് 10,000 പേർക്കും തൊഴിൽ ലഭിക്കും. അനുബന്ധമായി വരുന്ന ഔട്ടർ റിങ് റോഡിനു ചുറ്റുമായി വ്യവസായ ഇടനാഴി വരും.
തുറമുഖം കമീഷൻ ചെയ്യുന്നതോടെ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും. നിലവിൽ കടൽവഴിയുള്ള രാജ്യത്തേക്കുള്ള ചരക്കുനീക്കത്തിന്റെ 75 ശതമാനവും കൊളംബോ, സിംഗപ്പുർ, സലാല തുറമുഖങ്ങളെ ആശ്രയിച്ചാണ്. ഇതുവഴി 2500 കോടിയുടെ വിദേശനാണ്യ നഷ്ടമാണുണ്ടാകുന്നത്. ഒരു കണ്ടെയ്നർ വിദേശത്തെ മദർപോർട്ടുകളിൽനിന്ന് ഇങ്ങോട്ടെത്തിക്കാൻ 10,000 രൂപയാണ് അധികച്ചെലവ്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ അധികച്ചെലവ് ഒഴിവാകും. വിഴിഞ്ഞത്തിന്റെ വരവോടെ കൊല്ലം, ബേപ്പൂർ തുറമുഖങ്ങളും വികസിക്കും. വിഴിഞ്ഞത്തേക്ക് റെയിൽ കണക്ടിവിറ്റിക്ക് നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/r4npKYx
Comments