ജയിലറകൾക്കും തകർക്കാനാകാത്ത സമരവീര്യം ; ശാരദാമ്മയുടെ ഓർമകൾ വിപ്ലവജ്വാലയാകുന്നു
തിരുവനന്തപുരം
ഇതിഹാസം രചിച്ച സമരപോരാട്ടങ്ങളുടെ ത്യാഗോജ്വല നേതൃത്വമായിരുന്ന ജെ ശാരദാമ്മയുടെ ദീപ്തസ്മരണ സ്ത്രീവിമോചന പോരാട്ടങ്ങൾക്ക് എന്നും കരുത്തും ആവേശവുമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനത്തെ തലസ്ഥാനം വരവേൽക്കുമ്പോൾ ശാരദാമ്മയുടെ ഓർമകൾ വിപ്ലവജ്വാലയാകുന്നു. ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് പടിഞ്ഞാറ്റേതിൽ ശങ്കുപിള്ളയുടെയും ജാനകിയമ്മയുടെയും ഇളയ മകളായി ജനിച്ചു. പതിമൂന്നാം വയസ്സിൽ പാർടി പ്രവർത്തകയായി. കമ്യൂണിസ്റ്റ് പാർടി നിരോധിച്ചതിനെത്തുടർന്ന് 17 വയസ്സ് മാത്രമുള്ളപ്പോൾ 1948ൽ ഒളിവിൽ പോയി. പല പേരുകളിൽ മൂന്നുവർഷം ഒളിവുജീവിതം നയിച്ചു. കൊല്ലം കിളികൊല്ലൂരിലെ കശുവണ്ടി ഫാക്ടറിയിൽ വേഷപ്രച്ഛന്നയായി തൊഴിലെടുത്ത് കശുവണ്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചു.
ഭർത്താവ് കമ്യൂണിസ്റ്റ് പാർടി നേതാവ് അവണാകുഴി സദാശിവനുമൊത്ത് നെയ്യാറ്റിൻകരയിലെ ഒറ്റമുറി പാർടി ഓഫീസിലായിരുന്നു താമസം. 1964ൽ സിപിഐ എം പ്രവർത്തകരെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചപ്പോൾ അവർ നാലുമാസം ഗർഭിണിയായിരുന്നു. ഇളയമകൾ ജയജയുമായാണ് കൽത്തുറുങ്കിൽ പാർത്തത്. മൂത്തമക്കളായ ജയകുമാറിനെയും ജയശ്രീയെയും പാർടിയാണ് സംരക്ഷിച്ചത്. ജയിലിൽവച്ച് പ്രസവിച്ച മകന് കൂടെ ജയിലിലുണ്ടായിരുന്ന ഗൗരിയമ്മ ജയിലൻ എന്ന് പേരിട്ടു. പിന്നീട് ജയിൽകുമാർ എന്നാക്കി. 16 മാസത്തെ ജയിൽവാസത്തിനിടയിൽ ഒട്ടനവധി പീഡനങ്ങൾ ശാരദാമ്മയ്ക്ക് സഹിക്കേണ്ടിവന്നു.
എ കെ ജി നയിച്ച മുടവൻമുകൾ ഭൂസമരത്തിൽ വനിതാ വളന്റിയർ ക്യാപ്റ്റനായിരുന്നു. ശാരദാമ്മയുടെ നേതൃത്വത്തിൽ മഹിളകൾ എ കെ ജിക്കു പിന്നാലെ കൊട്ടാരവളപ്പിലേക്ക് കടക്കാനായിരുന്നു തീരുമാനം. മിച്ചഭൂമി ഞങ്ങൾ പിടിച്ചെടുക്കുമെന്ന സ്ത്രീകളുടെ മുദ്രാവാക്യം കേട്ടാണ് വിവരം പൊലീസ് അറിഞ്ഞത്. കേശവദാസപുരം വാർഡിൽനിന്ന് തിരുവനന്തപുരം കോർപറേഷനിലേക്കും നേമം ഡിവിഷനിൽനിന്ന് ജില്ലാ കൗൺസിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥിയായി മത്സരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശാരദാമ്മ 2014 ഫെബ്രുവരി 4നാണ്അന്തരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/f97jtFY
Comments