സൗജന്യ നിയമസഹായം എല്ലാ ജില്ലയിലേക്കും
കൊച്ചി
അർഹതപ്പെട്ടവർക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി രൂപീകരിച്ച ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസൽ സംവിധാനം എല്ലാ ജില്ലയിലേക്കും.
ജില്ലകളിൽ അഭിമുഖം നടത്തി നൂറോളം അഭിഭാഷകരെ ഇതിനായി തെരഞ്ഞെടുത്തു. മൂന്നിന് രാവിലെ 9.30ന് കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് വിനോദ്ചന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ ജില്ലകളിൽ പദ്ധതി പ്രാവർത്തികമാകും. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.
അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ക്രിമിനൽ കേസ് നടത്പ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസൽ സംവിധാനം (എൽഎഡിസിഎസ്) ഉറപ്പാക്കും. എയ്ഡ് ഡിഫെൻസ് കൗൺസൽ സംവിധാനം 2019ൽ പൈലറ്റ് പ്രോജക്ടായി രാജ്യത്തുടനീളമുള്ള 13 ജില്ലകളിൽ നടപ്പാക്കി. കേരളത്തിൽ എറണാകുളം ജില്ലയിലാണ് അഞ്ച് അഭിഭാഷകരും ഒരു റിസപ്ഷനിസ്റ്റുമായി പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്.
പുതുക്കിയ പദ്ധതിപ്രകാരം മുഴുവൻസമയ അഭിഭാഷകസേവനം ജില്ലാ ആസ്ഥാനങ്ങളിൽ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രായോഗികതയുടെ അടിസ്ഥാനത്തിൽ ഈ സേവനം താലൂക്കുതലത്തിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ സെഷൻസ് കേസുകളിൽമാത്രം ഒതുങ്ങിനിന്നിരുന്ന സംവിധാനം, എല്ലാ കോടതികളിലെയും ക്രിമിനൽ കേസുകളുടെ നടത്തിപ്പിലേക്ക് വ്യാപിപ്പിക്കും. ഓഫീസ് സന്ദർശിക്കുന്ന എല്ലാവർക്കും നിയമോപദേശവും അർഹരായവർക്ക് നിയമസഹായവും ലഭ്യമാക്കും. ഏതുതരം ക്രിമിനൽ കേസുകളിലും അതിന്റെ ഏതുഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കും. ജാമ്യാപേക്ഷകളും റിമാൻഡും കൈകാര്യം ചെയ്യുന്നതിനടക്കം നിയമസഹായം നൽകും.
Credits Kerala || Deshabhimani Online News https://ift.tt/GlMUOTW
Comments