വിഴിഞ്ഞം അനിവാര്യം , വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന വൻ പദ്ധതി ; പൗരപ്രമുഖരുടെ തുറന്ന കത്ത്‌


തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അനിവാര്യമാണെന്ന് കേരളം. വിഴിഞ്ഞം തുറമുഖം നാടിന്റെ മുന്നേറ്റത്തിന് ആവശ്യമാണെന്ന് സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖർ തുറന്ന കത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തികവളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹ്യമേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തലസൗകര്യ വികസനം കൂടിയേതീരുവെന്ന് അവർ അഭിപ്രായപ്പെട്ടു.

അശ്വതി തിരുനാൾ ലക്ഷ്മി ഭായി, പ്രൊഫസർ എം കെ സാനു, മുൻകേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായിരുന്ന കെ എം ചന്ദ്രശേഖർ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ, കൗൺസിൽ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചെയർമാനും ഇൻഫോസിസ് സഹ സ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഇന്ത്യൻ അംബാസഡർ ടി പി ശ്രീനിവാസൻ, ടെക്നോപാർക്ക് സ്ഥാപകൻ ജി വിജയരാഘവൻ, മാധ്യമപ്രവർത്തകൻ ശശികുമാർ, എഴുത്തുകാരായ എം മുകുന്ദൻ, സി രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, സേതു, എൻ എസ് മാധവൻ, ഷാജി എൻ കരുൺ, ഗോകുലം ഗോപാലൻ, ഡോ. മാർത്താണ്ഡംപിള്ള ഉൾപ്പെടെ എൺപതോളം പേരാണ് കത്ത് പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

വർഷങ്ങളോളം നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കുംശേഷമാണ് 2015ൽ വിഴിഞ്ഞം പദ്ധതിക്കായി കരാർ ഒപ്പിട്ടത്. അന്താരാഷ്ട്ര കപ്പൽപ്പാതയ്ക്ക് സമീപമുള്ള പ്രകൃതിദത്ത തുറമുഖം, അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖമായി വികസിപ്പിക്കാനുള്ള വൻസാധ്യതയാണ് തുറന്നുതരുന്നത്. അതിന്റെ പൂർത്തീകരണവേളയിൽ പ്രതിഷേധവും അക്രമസമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്. 80 ശതമാനം പ്രവർത്തനവും പൂർത്തിയാക്കിയ വിഴിഞ്ഞം തുറമുഖംപോലൊരു പശ്ചാത്തലസൗകര്യ വികസനപദ്ധതി നിർത്തിവയ്ക്കണമെന്ന് നിർബന്ധം പിടിക്കുന്നത് സംസ്ഥാന താൽപ്പര്യത്തിന് എതിരാണ്.

സർക്കാർ അനുഭാവപൂർവവും പ്രായോഗികവുമായ സമീപനമാണ് സ്വീകരിക്കുന്നത്. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണ്. ഈ പദ്ധതി വേഗംതന്നെ പൂർത്തിയാക്കാനുള്ള ജനപിന്തുണയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും കത്തിൽ പറഞ്ഞു.




Credits Kerala || Deshabhimani ​Online ​News https://ift.tt/OcQPqGp

Comments

Archive

Contact Form

Send