സങ്കീർണ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് , ശത്രു ആരെന്ന്‌ 
ജനങ്ങളറിയണം: 
തപൻസെൻ


സങ്കീർണ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ചൂഷണത്തിന്റെ രീതി മാറി. കോർപറേറ്റുകൾക്കുവേണ്ടിയുള്ള നയരൂപീകരണമാണ് രാജ്യത്ത് നടക്കുന്നത്. നിക്ഷേപമിറക്കാതെ ലാഭം കൊയ്യാനാകുന്ന സ്ഥിതി സംജാതമായി. കോർപറേറ്റുകളുടെ പത്തുലക്ഷം കോടി രൂപയുടെ കടബാധ്യത എഴുതിത്തള്ളിയെന്ന് ലജ്ജയില്ലാതെയാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറയുന്നത്. ഇത് ആരുടെ പണമാണ് എന്നചോദ്യമാണ് രാജ്യത്തെ തൊഴിലാളി വർഗം ഉയർത്തുന്നത്. അത് തൊഴിലാളികളുടെ മിച്ചമൂല്യമാണ്. ആ പണം കോർപറേറ്റുകൾക്ക്പമ്പ് ചെയ്യുകയാണ്.

ആഗോളവൽക്കരണ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നതുപോലെ ദേശവിരുദ്ധവുമാണ് എന്ന മുദ്രാവാക്യമാണ് തൊഴിലാളിവർഗം ഉയർത്തുന്നത്. ഇത് സമരത്തിന് രാഷ്ട്രീയ ഉള്ളടക്കം നൽകി. അതിനെ തീവ്രമായി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ശത്രു ആര് എന്ന് തൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്തുക പ്രധാന കടമയാണ്. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്ര സർക്കാർ തെറ്റായ പ്രചാരണം നടത്തുകയാണ്. വർഗീയതയുടെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് അതിനവർ ഉയർത്തുന്നത്. മാനവ വിഭവശേഷി സൂചികയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. കാരണം തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളല്ല ചർച്ചചെയ്യപ്പെട്ടത്. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി. ശത്രുവിനെ തിരിച്ചറിയാനാവാത്തുകൊണ്ടാണ് ഇത് സംഭവിച്ചത്.

തൊഴിലാളിദ്രോഹ നയങ്ങളെക്കുറിച്ച് അധികാര വർഗത്തെ ബോധ്യപ്പെടുത്തുന്ന സമരരീതിയുടെ കാലം കഴിഞ്ഞു. ഇനി നേരിട്ടുള്ള സമരമാണ്. രാജ്യത്തെ വിറ്റുതുലയ്ക്കുമ്പോൾ അതിന് അനുവദിക്കില്ല എന്ന് ഉറക്കെപ്പറയാനാണ് തൊഴിലാളികൾ ശ്രമിക്കുന്നത്. പല മേഖലകളിലും അത് വിജയം കണ്ടു. പോരാട്ടം ശക്തിപ്പെടുത്തലാണ് മുന്നിലുള്ള പോംവഴി.
പാർലമെന്റിൽ തൊഴിലാളി വിരുദ്ധ നയം പാസാക്കുമ്പോൾ കോൺഗ്രസും ബിജെപിയും ഒന്നിച്ചുനിൽക്കുന്നു. ഇടതുപക്ഷവും പേരിന് ചില പ്രാദേശിക പാർടികളും മാത്രമാണ് എതിർപ്പുയർത്തുന്നത്. കോർപറേറ്റ് ചൂഷണത്തിന് നിയമസാധുത നൽകുന്ന ജോലിയാണ് പാർലമെന്റിൽ നടക്കുന്നത്. ഇത് ക്രിമിനൽ പ്രവൃത്തിയും രാജ്യദ്രോഹവുമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്താനാവണം.

കർഷക സമരം രാജ്യത്തെ തൊഴിലാളിവർഗത്തിന് പ്രത്യേക ഉണർവുണ്ടാക്കി. ചുരുങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രത്യക്ഷ സമരരംഗത്തിറങ്ങിയതെങ്കിലും, അതിന്റെ സന്ദേശം എല്ലായിടത്തുമെത്തി. നിർണായക സമരത്തിൽ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന സന്ദേശം അത് നൽകി. നവ ലിബറൽ നയങ്ങൾക്കെതിരെ ലോകത്താകെ പ്രക്ഷോഭം ഉയരുന്നുണ്ട്. നിർണായക പോരാട്ടത്തിൽ ഇന്ത്യൻ തൊഴിലാളി വർഗം വിജയം വരിക്കുകതന്നെ ചെയ്യും.



Credits Kerala || Deshabhimani ​Online ​News https://www.deshabhimani.com/news/kerala/tapen-sen/1062513

Comments

Archive

Contact Form

Send