വാകേരിയെ ഭീതിയിലാക്കിയ കടുവ ചത്തനിലയിൽ
പുൽപ്പള്ളി
വയനാട് വാകേരി മേഖലയെ ഭീതിയിലാക്കിയ കടുവയെ സ്വകാര്യ തോട്ടത്തിലെ ചതുപ്പിൽ ചത്തനിലയിൽ കണ്ടെത്തി. മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ശനി രാവിലെ ഗാന്ധിനഗർ മാരമലയ്ക്ക് സമീപമാണ് വനപാലകർ കടുവയുടെ ജഡം കണ്ടത്. ആറ് വയസ്സ് മതിക്കുന്ന പെൺകടുവയാണ്. പിൻകാലിന് മുറിവേറ്റ് അഴുകിയിരുന്നു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പഴുപ്പ് വ്യാപിച്ചു. ദേഹം ക്ഷീണിച്ച് ഒട്ടിയിരുന്നു. മറ്റു കടുവകളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതാണെന്നാണ് നിഗമനം. ഇരതേടാൻ കഴിയാത്തതിനാലാണ് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്.
വ്യാഴം രാവിലെയാണ് വാകേരി ഗാന്ധിനഗറിലെ റോഡരികിൽ കടുവയെ കണ്ടത്. സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് കടന്ന കടുവയെ വനത്തിലേക്ക് തുരത്താൻ രണ്ടുദിവസം വനപാലകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വെള്ളി വൈകിട്ടോടെ മയക്കുവെടിവച്ച് പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. മയക്കുവെടിക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് ചത്തനിലയിൽ കണ്ടത്.
ബത്തേരി കുപ്പാടിയിലെ വെറ്ററിനറി ലാബിൽ എത്തിച്ച ജഡം സീനിയർ വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കെടുത്തു. ജഡം ദഹിപ്പിച്ചു. എറണാകുളത്തെ റീജണൽ കെമിക്കൽ ലബോറട്ടറിയിലാണ് ആന്തരികാവയവങ്ങൾ പരിശോധിക്കുക.
Credits Kerala || Deshabhimani Online News https://ift.tt/X4ida30
Comments