ഉയർന്ന പിഎഫ് പെൻഷൻ ; ആദ്യ വിജ്ഞാപനം പെൻഷൻകാർക്ക് ; അപേക്ഷ ഓൺലൈനായി നല്കാം
ന്യൂഡൽഹി
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇപിഎഫ്ഒ വ്യാഴാഴ്ച പുറപ്പെടുവിച്ച ആദ്യ വിജ്ഞാപനത്തിൽ നിലവിൽ സർവീസിൽ തുടരുന്നവർക്ക് ഓപ്ഷനുള്ള അവസരം നൽകിയിട്ടില്ല. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന വിഹിതം അടച്ച് വിരമിച്ചവർക്കും ഉയർന്ന പെൻഷനായുള്ള ഓപ്ഷൻ നൽകി 2014 സെപ്തംബർ ഒന്നിനുമുമ്പായി വിരമിച്ചവർക്കുമാണ് ആദ്യ വിജ്ഞാപനത്തിൽ അപേക്ഷിക്കാൻ അവസരം .
ഇപിഎഫ് പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ഉയർന്ന വിഹിതം അടയ്ക്കുന്ന സർവീസിലുള്ള ജീവനക്കാർക്ക് ഓപ്ഷന് നാലുമാസത്തെ സാവകാശം അനുവദിക്കാൻ സുപ്രീംകോടതിയുടെ നവംബർ നാലിലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ കാലാവധി മാർച്ച് മൂന്നിനാണ് അവസാനിക്കുക. സർവീസിലുള്ളവർക്ക് ഉയർന്ന പെൻഷനായുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിന് അവസരമൊരുക്കി മറ്റൊരു വിജ്ഞാപനം ഇപിഎഫ്ഒ വൈകാതെ പുറപ്പെടുവിക്കുമെന്നാണ് സൂചന.
അപേക്ഷ ഓൺലൈനായി നല്കാം
ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ താൽപ്പര്യപ്പെടുന്ന പെൻഷൻകാർ www.epfindia.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡിജിറ്റലായി സമർപ്പിക്കുന്ന അപേക്ഷ ഇപിഎഫ്ഒയുടെ ബന്ധപ്പെട്ട മേഖലാ ഓഫീസാകും പരിശോധിച്ച് തീർപ്പാക്കുക. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകുന്നതിനായി പ്രത്യേക അപേക്ഷ ഫോമുണ്ടാകുംമെന്ന് ഇപിഎഫ് സര്ക്കുലറില് അറിയിച്ചു.
ഉയർന്ന പെൻഷൻ കിട്ടുന്നതിനായി പ്രോവിഡന്റ് ഫണ്ടിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് കൂടുതൽ തുക വകമാറ്റുകയോ അതല്ലെങ്കിൽ കൂടുതൽ പണം നിക്ഷേപിക്കുകയോ വേണമെങ്കിൽ ഫോമിൽ അതിനുള്ള പ്രത്യേകാനുമതി അപേക്ഷകൻ നൽകണം. ഒഴിവാക്കപ്പെട്ട ട്രസ്റ്റുകളുടെ കാര്യത്തിൽ പെൻഷൻ ഫണ്ടിലേക്ക് കൂടുതൽ തുക മാറ്റുന്നതിന് ബന്ധപ്പെട്ട ട്രസ്റ്റിയുടെ സമ്മതപത്രം വേണം. അധികമായി വേണ്ടിവരുന്ന വിഹിതം പലിശ സഹിതം നിശ്ചിത സമയത്തിനുള്ളിൽ നൽകാമെന്ന് സമ്മതപത്രത്തിൽ അറിയിക്കണം. അപേക്ഷകർ അധികമായി അടയ്ക്കേണ്ടി വരുന്ന വിഹിതം ഏതുരീതിയിൽ നിക്ഷേപിക്കണം എന്നത് വിശദീകരിച്ച് തുടർ സർക്കുലറുകൾ ഉണ്ടാകുമെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് വിഭാഗത്തിന് അപേക്ഷിക്കാം
വ്യാഴാഴ്ചത്തെ വിജ്ഞാപനം പ്രകാരം മൂന്ന് വിഭാഗക്കാർക്കാണ് ഉയർന്ന പെൻഷനായി അപേക്ഷിക്കാവുന്നത്.
5000, 6500 എന്നീ വേതനപരിധി കണക്കാക്കാതെ യഥാർഥ ശമ്പളത്തിന് ആനുപാതികമായി വിഹിതം അടച്ചിരുന്ന 2014 സെപ്തംബർ ഒന്നിനുശേഷം വിരമിച്ചവർ.
തൊഴിലുടമയുമായി ചേർന്ന് ഉയർന്ന പെൻഷനുള്ള ഓപ്ഷൻ സമർപ്പിച്ചിരുന്നവർ.
ഓപ്ഷൻ അപേക്ഷകൾ സമർപ്പിച്ചിട്ടും പിഎഫ് അധികൃതർ അത് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിൽ അത്തരം പെൻഷൻകാർ.
സമർപ്പിക്കേണ്ട
രേഖകൾ
തൊഴിലുടമയുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകിയതിനുള്ള തെളിവ്. ഇത് തൊഴിലുടമ സാക്ഷ്യപ്പെടുത്തിയതാകണം. വേതനപരിധി കണക്കാക്കാതെ യഥാർഥ ശമ്പളത്തിന് അനുസൃതമായി ഉയർന്ന വിഹിതം അടച്ചിരുന്നുവെന്നതിനുള്ള തെളിവ്. ഉയർന്ന പെൻഷനായി നേരത്തേ നൽകിയിരുന്ന ഓപ്ഷൻ പിഎഫ് അധികാരികൾ തള്ളിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖാമൂലമുള്ള തെളിവ്.
Credits National || Deshabhimani Online News https://ift.tt/RFpy6im
Comments