എയ്ഡഡ് സ്കൂൾ ഒഴിവുകൾ ; ഭിന്നശേഷിക്കാർക്ക്‌ നിയമനം നൽകണമെന്ന്‌ ഹൈക്കോടതി


കൊച്ചി
എയ്ഡഡ് സ്കൂളുകളിൽ വരാനുള്ള ഒഴിവുകളിൽ യോഗ്യരായ ഭിന്നശേഷിക്കാരെ നിയമിച്ചശേഷം മുമ്പ് നിയമിച്ച മറ്റ് വിഭാഗത്തിൽപ്പെട്ടവരുടെ നിയമനത്തിന് അംഗീകാരം നൽകാൻ തടസ്സമില്ലെന്ന് ഹൈക്കോടതി.

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് സംവരണം നൽകാതെ 2018 നവംബർ പതിനെട്ടിനുശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അധ്യാപകരും സ്കൂൾ മാനേജർമാരും നൽകിയ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റിസുമാരായ പി ബി സുരേഷ്കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. 4,700 ഒഴിവുകൾ വരുന്നുണ്ടെന്നും കുടിശ്ശിക ഒഴിവുകൾ നികത്താൻ വേണ്ടത്ര യോഗ്യതയുള്ളവർ ഭിന്നശേഷി വിഭാഗത്തിൽനിന്ന് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ച കോടതിവിധി സ്റ്റേ ചെയ്യാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്ന് വിലയിരുത്തി. കുടിശ്ശിക നിയമനം നടത്തിയശേഷം വിദ്യാഭ്യാസ വകുപ്പിന് മറ്റു നിയമനങ്ങളുടെ അംഗീകാരം പരിഗണിക്കാം. നടപടികൾ അന്തിമവിധിക്ക് വിധേയമാണ്.

2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ മൂന്ന് ശതമാനവും 2017ന് ശേഷമുള്ള ഒഴിവുകളിൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്ക് നീക്കിവയ്ക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ പതിനെട്ടിനുശേഷം ഉണ്ടായ ഒഴിവുകളിൽ നിയമനം നൽകണമെന്നും ഈ നിയമന കുടിശ്ശിക നികത്തിയശേഷംമാത്രമേ 2018 നവംബർ പതിനെട്ടിനുശേഷമുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാനാകൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/eXjyNUS

Comments

Archive

Contact Form

Send