പദ്ധതികളുടെ വേഗംകൂട്ടും ; മുഖ്യമന്ത്രി–പ്രധാനമന്ത്രി കൂടിക്കാഴ്ച
ന്യൂഡൽഹി
കേന്ദ്രവും സംസ്ഥാനവുമായുള്ള ബന്ധം ശക്തിപ്പെടുത്തി വികസനപദ്ധതികളുടെ വേഗം കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. ഇതിനുള്ള പ്രവർത്തനം ഊർജിതപ്പെടുത്താനും തീരുമാനിച്ചു. ന്യൂഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചൊവ്വ രാവിലെയായിരുന്നു കൂടിക്കാഴ്ച. കേരളത്തിൽ ദേശീയപാതാ വികസനത്തിന് സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടൽ മുഖ്യമന്ത്രി വിശദീകരിച്ചു.
ജൽജീവൻ മിഷൻ, വിവിധ ദേശീയപാതാ–- കേന്ദ്ര പങ്കാളിത്ത പദ്ധതികളും പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കം ഇരുവരും ചർച്ചചെയ്തു. കോവിഡ് പ്രതിരോധത്തിനായുള്ള കേരളത്തിന്റെ തയ്യാറെടുപ്പും വിലയിരുത്തപ്പെട്ടു.
ചർച്ചയ്ക്ക് ശേഷം ഇരുവരും പുതുവത്സരാശംസകൾ നേർന്നു. പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി കഥകളി ശിൽപ്പം ഉപഹാരമായി നൽകി. ചീഫ് സെക്രട്ടറി വി പി ജോയിയും ഒപ്പമുണ്ടായിരുന്നു.
90 ശതമാനവും കേന്ദ്ര–-സംസ്ഥാന സബ്സിഡിയോടെ മുഴുവൻ പഞ്ചായത്തിലും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന പദ്ധതിയാണ് ജൽജീവൻ. വിവിധ ജില്ലകളിൽ പദ്ധതി പുരോഗമിക്കുകയാണ്. ഗതാഗതരംഗത്തെ പ്രതിസന്ധിക്ക് പരിഹാരമായി റെയിൽ, റോഡ് വികസനം പൂർത്തിയാക്കണം. 12 റീച്ചിലായി ദേശീയപാത 66ന്റെ വികസനം നടന്നുവരികയാണ്. എൻഎച്ച് 85 കൊച്ചി –മൂന്നാർ, പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം – അങ്കമാലി പദ്ധതികളും പൂർത്തിയാക്കണം. പാലക്കാട്– കോഴിക്കോട്, കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാതാ ഇടനാഴികൾ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, കൊച്ചി – തേനി പാത തുടങ്ങിയ പ്രധാനപദ്ധതികളുടെ പണിയും തുടങ്ങണം. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേയായ കഴക്കൂട്ടം പാത അടുത്തിടെയാണ് തുറന്നത്. അന്ന് ദേശീയപാതാ പദ്ധതികൾ പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ കാണിച്ച താൽപ്പര്യത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രശംസിച്ചിരുന്നു. ഇത്തരം വിഷയങ്ങളിലടക്കം ഊന്നിയുള്ളതായിരുന്നു ചർച്ച.
Credits National || Deshabhimani Online News https://ift.tt/SjmUuXe
Comments