നാടിന്റെ ഐക്യം തകർക്കാൻ ശ്രമം: മുഖ്യമന്ത്രി

പയ്യോളി> നാടിന്റെ ഐക്യം തകർക്കാനാണ് ബിജെപിയും കോൺഗ്രസും ഒന്നിച്ചു ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എം പയ്യോളി ഏരിയാകമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെ വിളനിലമായി കേരളം നിലനിൽക്കുന്നത് ചിലർക്ക് നല്ല കാര്യമായി കാണാനാകുന്നില്ല. മറ്റു പ്രദേശങ്ങളെപ്പോലെ കേരളത്തെയും മാറ്റണമെന്നാണ് വർഗീയ ശക്തികളുടെ ചിന്ത. ഇതിനായി കുട്ടികളുടെ മനസ്സിൽ കടുത്ത വർഗീയത തിരുകിക്കയറ്റാനാണ് ശ്രമം. അതിന് എളുപ്പമാർഗം പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്തിയെഴുതലാണ്. ഉന്നത വിദ്യാഭ്യാസ മേഖല കൈയടക്കാനുള്ള ശ്രമത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതാണ്.

രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിലാകണം എന്ന് നിയമം കൊണ്ടുവന്നവരാണ് കേന്ദ്ര ഭരണാധികാരികൾ. ആദ്യഘട്ടത്തിൽ കേരളം മാത്രമേ അതിനെതിരെ ശബ്ദിച്ചുള്ളൂ. എല്ലാ ഘട്ടത്തിലും മതനിരപേക്ഷതക്കുവേണ്ടി ഉറച്ച ശബ്ദമുയർത്താൻ നമുക്ക് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഭാവിക്കുവേണ്ടി ജീവൻ നൽകിയും സിപിഐ എം പ്രവർത്തകർ പോരാടും. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനും അതിനെ തകർക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കാനും എല്ലാവരും ഒന്നിച്ചുനിൽക്കണം.

നാടിനെ പിറകോട്ടടിപ്പിക്കാനും വികസനം തടയാനുമുള്ള നീക്കത്തിൽ ബിജെപിയും കോൺഗ്രസും ഒരുമിക്കുന്നു. ഏത് തെറ്റായ മാർഗമുപയോഗിച്ചും ഇടതുപക്ഷത്തെ ഇല്ലാതാക്കുകയാണ് എല്ലാ വലതുപക്ഷ ശക്തികളുടേയും ലക്ഷ്യം. വിദ്യാഭ്യാസരംഗത്ത് വലിയ അഭിവൃദ്ധിനേടിയ നാടാണ് നമ്മുടേത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസരംഗത്ത് വലിയ ഇടപെടൽ നടത്തി. ഇത്തവണ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/EGdbiNf

Comments

Archive

Contact Form

Send