മഹിളാ സമ്മേളനത്തിന്‌ തലസ്ഥാനം; പതാകദിനം നാളെ

തിരുവനന്തപുരം> ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം അഖിലേന്ത്യ സമ്മേളനത്തെ വരവേൽക്കാൻ തലസ്ഥാനം ഒരുങ്ങുന്നു. ജനുവരി ആറുമുതൽ ഒമ്പതുവരെയാണ് സമ്മേളനം. രാജ്യത്തെ ഒരു കോടിയിലേറെ അംഗങ്ങളെ പ്രതിനിധാനംചെയ്ത് 850 പ്രതിനിധികൾ നാല് ദിന സമ്മേളനത്തിൽ പങ്കെടുക്കും. ടാഗോർ ഹാളിലാണ് പ്രതിനിധി സമ്മേളനം. പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളന റാലിയിൽ ഒരു ലക്ഷം സ്ത്രീകൾ അണിനിരക്കും. സുശീല ഗോപാലൻ ദിനമായ തിങ്കളാഴ്ച സമ്മേളനത്തിന്റെ പതാകദിനം ആചരിക്കും. കലാസാംസ്കാരിക പരിപാടികൾ 21ന് ആരംഭിക്കും. 24ന് സെമിനാറുകൾക്കും തുടക്കമാകും. 27 മുതൽ അയ്യൻകാളി ഹാളിൽ എക്സിബിഷൻ തുടങ്ങും.

36 വർഷത്തിനു ശേഷമാണ് അഖിലേന്ത്യ സമ്മേളനത്തിന് വീണ്ടും തിരുവനന്തപുരം വേദിയാകുന്നത്. 1986 ഒക്ടോബർ 17 മുതൽ 20 വരെ നടന്ന രണ്ടാം അഖിലേന്ത്യ സമ്മേളനത്തിനാണ് നേരത്തെ തിരുവനന്തപുരം വേദിയായത്. അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ചെയർപേഴ്സണും സംസ്ഥാന സെക്രട്ടറി സി എസ് സുജാത ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. കേന്ദ്ര സ്വാഗതസംഘം ഓഫീസിനു പുറമെ ഏരിയ, ലോക്കൽ, യൂണിറ്റ് തലങ്ങളിൽ സ്വാഗതസംഘം ഓഫീസുകൾ തുറന്നു. നാലായിരത്തിലേറെ ചുവരെഴുത്തുകളും സമ്മേളനത്തിന്റെ പ്രചാരണാർഥം മഹിളകൾതന്നെ ഇതിനകം പൂർത്തിയാക്കി. 50, 100, 200 രൂപയുടെ കൂപ്പണുകളുമായി സ്ത്രീകൾ വീടുകൾ കയറിയാണ് സമ്മേളന ഫണ്ട് സ്വരൂപിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/QEa4sK7

Comments

Archive

Contact Form

Send