തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങളും ഏറ്റെടുക്കണം ഡോ. ഹേമലത
തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ ട്രേഡ് യൂണിയനുകൾ ഏറ്റെടുക്കണമെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് ഡോ. കെ ഹേമലത. സമത്വവും തുല്യവേതനവും സിഐടിയു കാലങ്ങളായി മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. കൂലിയിലെ അസമത്വം, വിവേചനം, ലൈംഗികാതിക്രമം തുടങ്ങിയ സ്ത്രീകളുടെ പ്രശ്നങ്ങളിൽ കൂടുതൽ ഊന്നൽ നൽകണം. പലപ്പോഴും ഇത് വനിതാ സംഘടനകളുടെ വിഷയമായാണ് പരിഗണിക്കുന്നത്. സിഐടിയു ഇക്കാര്യം ഗൗരവമായെടുക്കുമെന്നും ഹേമലത ദേശാഭിമാനിയോട് പറഞ്ഞു.
നേതൃപദവിയിൽ കൂടുതൽ സ്ത്രീകളുണ്ടാവുക എന്നതാണ് ഇതിനുള്ള പോംവഴി. അത്തരം വിഷയങ്ങൾ ചർച്ചയുമാകണം. തീരുമാനങ്ങളെടുക്കുന്ന പദവികളിൽ സ്ത്രീകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. അത് സിഐടിയുവിന്റെ സമീപനത്തിലുൾപ്പെടെ മാറ്റങ്ങളുണ്ടാക്കും. തൊഴിലാളിവിരുദ്ധവും -ജനവിരുദ്ധവുമായ കേന്ദ്രനയങ്ങളുടെ രാഷ്ട്രീയവും അതിന്റെ ഉള്ളുകള്ളികളും സംബന്ധിച്ച് സാധാരണക്കാർക്ക് അവബോധമില്ലാത്തത് പ്രതിസന്ധിയാണ്. ശത്രുവും മിത്രവും ആരെന്ന് ബോധ്യപ്പെടുത്തിയാവണം പോരാട്ടങ്ങൾക്ക് സജ്ജരാക്കേണ്ടത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, തൊഴിലാളിയെ ചൂഷണം ചെയ്യുന്ന പുതിയ തൊഴിൽ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം ജനങ്ങളിൽ വെറുപ്പും ദേഷ്യവുമുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നോ നയങ്ങൾക്ക് പിന്നിലെ രാഷ്ട്രീയമോ അവർക്കറിയില്ല. അതിനാൽ അത്തരം ആശയങ്ങളിൽ കേന്ദ്രീകരിച്ചാണ് സിഐടിയു പ്രചാരണം ശക്തിപ്പെടുത്തുക.
കുത്തകകളും വൻകിട മുതലാളിമാരും സർക്കാരിനെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ആ ജോലി ഏറെ പ്രതിസന്ധി നിറഞ്ഞതാണ്. എങ്കിലും അടിത്തറ വിപുലപ്പെടുത്തി മുന്നോട്ടുപോകും. വർഗ ബഹുജന സംഘടനകൾ ഒന്നിച്ചുള്ള സംയുക്ത പോരാട്ടങ്ങളാണ് മുന്നിലുള്ളത്. കേന്ദ്രനയങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ കുത്തകകളും മുതലാളിമാരുമാണ്. ഇതിന് ബദലായി മുന്നോട്ടുവയ്ക്കാൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ മാത്രമാണുള്ളത്. ചൂഷണങ്ങളിൽനിന്ന് മുക്തരാക്കാനുള്ള രാഷ്ട്രീയ സാക്ഷരത തൊഴിലാളികളിലും സാധാരണ ജനങ്ങളിലും എത്തിക്കുക എന്നതാണ് കാലത്തിന്റെ ആവശ്യം–- ഹേമലത പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/mM8hNUJ
Comments