‘പ്രീതി’ വ്യക്തിപരമല്ല : വീണ്ടും ഹൈക്കോടതി ; സെനറ്റ് ഹർജിയിൽ വിധി ഇന്ന്
കൊച്ചി
കേരള സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച്, തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്തിനെന്ന് ഹൈക്കോടതി. സെനറ്റ് അംഗങ്ങളിൽ സമ്മർദം ചെലുത്താനാണിതെന്ന് ചാൻസലർക്ക് പറയാമെങ്കിലും വേഗത്തിൽ ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചത് ശരിയായില്ലെന്ന് കോടതി വ്യക്തമാക്കി. കേരളയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. ഗവർണർ ചാൻസലറായിരിക്കുമ്പോൾ പ്രീതിയുടെ പേരിൽ നടപടിയെടുക്കുന്നതിന് പരിമിതിയുണ്ട്. ‘പ്രീതി’ വ്യക്തിപരമായ താൽപ്പര്യത്തിലല്ലെന്നും നിയമപരമായിരിക്കണമെന്നും ഹൈക്കോടതി ആവർത്തിച്ചു. സെനറ്റ് അംഗങ്ങൾ നിഴൽയുദ്ധം നടത്തുകയാണെന്ന് ചാൻസലർ പറഞ്ഞു.
സെർച്ച് കമ്മിറ്റി രൂപീകരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിയമത്തിലില്ല. ഒരു കപ്പ് ചായയുമായി ഇരുന്ന് സംസാരിച്ച് തീർക്കാവുന്ന പ്രശ്നമാണിത് കോടതി പറഞ്ഞു. വാദം പൂർത്തിയായതോടെ ഹർജി വ്യാഴാഴ്ച വിധിപറയാൻ മാറ്റി.
Credits Kerala || Deshabhimani Online News https://ift.tt/v1SOFLa
Comments