യുഡിഎഫ്‌ ഇരട്ടത്താപ്പ്‌ ; ഉമ്മൻചാണ്ടിയുടെ ഉത്തരവും ഹൈബിയുടെ കത്തും പുറത്ത്‌


തിരുവനന്തപുരം
ജനവാസമേഖലയിൽ ബഫർസോൺ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എഴുതിയ കത്തും സംരക്ഷിതമേഖലകൾക്കു ചുറ്റും 12 കിലോമീറ്റർവരെ പരിസ്ഥിതി സംവേദക മേഖലയാക്കി വിജ്ഞാപനം ചെയ്ത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി പുറത്തിറക്കിയ ഉത്തരവും പുറത്ത്.

എറണാകുളത്തെ മംഗളവനത്തിനു ചുറ്റുമുള്ള പ്രദേശം ബഫർസോൺ ആക്കണമെന്നാണ് 2012 ഏപ്രിൽ 23ന് ഹൈബി ഈഡൻ എംഎൽഎ ആയിരിക്കെ ചീഫ് വൈൽഡ് ലൈഫ് വാർഡന് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയടക്കം ജനവാസമേഖല ഉൾക്കൊള്ളുന്ന പ്രദേശമാണ് മംഗളവനം.

സംസ്ഥാന വന്യജീവി ബോർഡ് ഉപസമിതി ചെയർമാനായിരുന്ന വി ഡി സതീശൻ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംരക്ഷിത മേഖലകൾക്കു ചുറ്റും 12 കിലോമീറ്റർവരെ പരിസ്ഥിതി സംവേദക മേഖലയാക്കി മാറ്റാൻ യുഡിഎഫ് ഭരണകാലത്ത് ഉത്തരവിറങ്ങിയത്. ഈ സമിതിയുടെ യോഗത്തിന്റെ മിനിറ്റ്സും പുറത്തുവന്നിട്ടുണ്ട്.

വൻതോതിലുള്ള വികസന പ്രവർത്തനങ്ങൾ പെരിയാറിന്റെ ടൂറിസം സാധ്യതകളെ പിന്നോട്ടടിക്കുമെന്നും ഊട്ടിയിലെ ടൂറിസത്തിനുണ്ടായ തിരിച്ചടിക്ക് സമാനമാകുമെന്നുമാണ് വി ഡി സതീശൻ യോഗത്തിൽ പറഞ്ഞത്. എന്നാൽ, ദൂരപരിധി നിശ്ചയിക്കുന്നതിലെ അപാകത അന്നത്തെ യോഗത്തിൽ എൽഡിഎഫ് എംഎൽഎമാരായിരുന്ന രാജു എബ്രഹാമും ഇ എസ് ബിജിമോളും ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയിലെ നിർമാണപ്രവർത്തനങ്ങൾക്കും നിലവിലുള്ള അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിക്കും പരിസ്ഥിതി സംവേദക മേഖല തടസ്സമാകുമെന്നാണ് രാജു എബ്രഹാം യോഗത്തിൽ പറഞ്ഞത്.

പത്ത് കിലോമീറ്ററായി പരിസ്ഥിതി സംവേദക മേഖല നിശ്ചയിച്ചാൽ മണ്ഡലത്തിലെ 90 വാർഡ് പരിസ്ഥിതി സംവേദക മേഖലയിൽ ഉൾപ്പെടുമെന്നും ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് ഇ എസ് ബിജിമോളും ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത യുഡിഎഫ് പ്രതിനിധികളെല്ലാം ബഫർസോൺ വർധിപ്പിക്കണമെന്ന നിലപാടിനെ അനുകൂലിച്ചായിരുന്നു സംസാരിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/g2ydoOs

Comments

Archive

Contact Form

Send