സിഐടിയു സമ്മേളനത്തിന് പതാക ഉയർന്നു ; പ്രതിനിധി സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം


കോഴിക്കോട്
പൊരുതുന്ന തൊഴിലാളി വർഗത്തിന്റെ ആവേശവും അത്താണിയുമായ സിഐടിയു 15ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് (എം വാസു നഗർ) സ്വാഗതസംഘം ചെയർമാൻ ടി പി രാമകൃഷ്ണൻ എംഎൽഎ പതാക ഉയർത്തി. മൂന്നുനാൾ നീളുന്ന സമ്മേളനം ശനി രാവിലെ 10ന് ടാഗോർ സെന്റിനറി ഹാളിൽ (കാട്ടാക്കട ശശി നഗർ) സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനംചെയ്യും.

ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്റെ നേതൃത്വത്തിലുള്ള പതാകജാഥയും കുണ്ടുതോട് പാപ്പച്ചൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥയും വൈകിട്ട് വെള്ളയിൽ സംഗമിച്ചു. തുടർന്ന് പൊതുസമ്മേളന നഗരിയിലെത്തി. പതാക ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദനും കൊടിമരം ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരനും ഏറ്റുവാങ്ങി.

മുദ്രാവാക്യത്തിന്റെ അകമ്പടിയിൽ പതാക ഉയർന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരം കരീം എംപി, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

604 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം എംപി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി നന്ദകുമാർ കണക്കും അവതരിപ്പിക്കും. അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ ഹേമലത, വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ, സെക്രട്ടറി ആർ കരുമലയൻ തുടങ്ങിയവരും പങ്കെടുക്കും. 18ന് പ്രവർത്തന റിപ്പോർട്ടിൽ ചർച്ച തുടരും.

19ന് ഭാരവാഹി തെരഞ്ഞെടുപ്പ്. രണ്ടുലക്ഷം പേർ അണിനിരക്കുന്ന റാലിയോടെയാണ് സമാപനം. കേന്ദ്രീകരിച്ച പ്രകടനമില്ല. വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് എം വാസു നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.



Credits Kerala || Deshabhimani ​Online ​News https://ift.tt/mvwbq5x

Comments

Archive

Contact Form

Send