മഹാരാഷ്ട്രയിൽ 72 മണിക്കൂർ വൈദ്യുതി പണിമുടക്ക്‌

ന്യൂഡൽഹി> മഹാരാഷ്ട്രയിൽ വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ ഐക്യമുന്നണി നേതൃത്വത്തിൽ ബുധനാഴ്ച അർധരാത്രി മുതൽ 72 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാന ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്, സംസ്ഥാന പവർ ജനറേഷൻ കമ്പനി ലിമിറ്റഡ്, സംസ്ഥാന ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് എന്നിവയിലെ 86,000-ലധികം ജീവനക്കാരെയും എൻജിനിയർമാരെയും പ്രതിനിധാനംചെയ്യുന്ന 34 സംഘടനയാണ് ഐക്യമുന്നണിക്ക് രൂപം നൽകിയത്. അദാനി പവർ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾക്ക് സമാന്തര ലൈസൻസ് നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 18 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു.

അദാനി ഇലക്ട്രിസിറ്റി നവി മുംബൈ ലിമിറ്റഡ് മുളുണ്ട്, ഭാണ്ഡൂപ്പ്, താനെ, നവി മുംബൈ, പൻവേൽ, ഖാർഘർ, തലോജ, ഉറാൻ എന്നിവിടങ്ങളിലേക്ക് സമാന്തര വൈദ്യുതി വിതരണ ലൈസൻസിനായി റെഗുലേറ്ററി കമീഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്. ടൊറന്റ് പവർ, ടാറ്റാ പവർ തുടങ്ങിയ സ്വകാര്യ കമ്പനികളും രംഗത്തുണ്ട്. കൂടുതൽ വൈദ്യുതി വരുമാനം ലഭിക്കുന്ന പ്രദേശങ്ങളിൽ സംസ്ഥാന ഡിസ്കോമിന്റെ നിലവിലുള്ള വിതരണശൃംഖല പ്രയോജനപ്പെടുത്തി വൻ ലാഭം കൊയ്യാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നതിലൂടെ സംസ്ഥാന വൈദ്യുതി ബോർഡ് നഷ്ടത്തിലാകും. ഗാർഹിക ഉപയോക്താക്കൾക്കും കർഷകർക്കും പാവപ്പെട്ടവർക്കും സബ്സിഡി ലഭിക്കാതെയാകും.
എളമരം കരീം 
കത്ത് നൽകി

വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് കത്ത് നൽകി. സർക്കാർ അധീനതയിലുള്ള വിതരണശൃംഖല സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്നതോടെ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണിമുടക്കിന് പിന്തുണ നൽകുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/qKfV67g

Comments

Archive

Contact Form

Send