ആറാട്ടുപുഴ വേലായുധപ്പണിക്കർ രക്തസാക്ഷിദിന അനുസ്മരണം 9ന്
കൊച്ചി
ആലുവ അദ്വൈതാശ്രമത്തിന്റെയും സാമൂഹിക മുന്നേറ്റമുന്നണിയുടെയും നേതൃത്വത്തിൽ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ രക്തസാക്ഷിദിന അനുസ്മരണവും പ്രതിഭാപുരസ്കാര സമർപ്പണ സമ്മേളനവും ഒമ്പതിന് അദ്വൈതാശ്രമത്തിൽ നടക്കും. വൈകിട്ട് 4.30ന് മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക മുന്നേറ്റമുന്നണി ചെയർമാൻ കെ പി അനിൽദേവ് അധ്യക്ഷനാകും.
ആറാട്ടുപുഴ വേലായുധപ്പണിക്കർ പ്രതിഭാപുരസ്കാരങ്ങൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (പൊതുപ്രവർത്തനം), എം പി അബ്ദുൽസമദ് സമദാനി എംപി (മതസൗഹാർദം), സംവിധായകൻ വിനയൻ (കലാ–-സാംസ്കാരികം), ഓൾ ഇന്ത്യ കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ (ജീവകാരുണ്യ പ്രവർത്തനം) എന്നിവർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ജെബി മേത്തർ എംപി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സ്വാമി ധർമചൈതന്യ, കെ പി അനിൽദേവ്, ഡോ. ബി അബ്ദുൽ സലാം, വി ഡി രാജൻ, കെ രാജീവൻ, വിദ്യ പുഷ്പൻ, സിന്ധു ഷാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/d2UDbME
Comments